ചെറുവണ്ണൂരില്‍ കിണര്‍ വെള്ളം തിളച്ച് മറിയുന്നു; പ്രതിഭാസത്തിന്റെ കാരണമറിയാതെ ആശങ്കയിലായി വീട്ടുകാരും നാട്ടുകാരും, വീഡിയോ കാണാം
ചെറുവണ്ണൂര്‍: കിണര്‍ വെള്ളം തിളച്ച് മറിയുന്ന പ്രതിഭാസം കണ്ട് അമ്പരന്ന് ചെറുവണ്ണൂര്‍ നിവാസികള്‍. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പൂവന്‍ കുന്നുമ്മേല്‍ ആബിദയുടെ കിണറിലെ വെള്ളമാണ് ഇന്ന് രാവിലെ ഏഴ് മണി മുതല്‍ തിളച്ച് മറിയാന്‍ തുടങ്ങിയത്. പ്രതിഭാസത്തെ തുടര്‍ന്ന് കിണറിലെ വെള്ളം സമയം കഴിയുന്തോറും കുറഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയാണ്.
ഇന്ന് രാവിലെ കിണറില്‍ നിന്നും വലിയ ശബ്ദം കേട്ടാണ് കിണറിന് സമീപത്തെത്തുന്നതെന്നും അപ്പോള്‍ കണ്ട കാഴ്ച പേടിപ്പെടുത്തുന്നതായിരുന്നെന്നും വീട്ടുടമസ്ഥ ആബിദ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നാല് പടവോളമുണ്ടായിരുന്ന വെള്ളം തിളച്ച് ഉയര്‍ന്ന് പൊങ്ങിയിരുന്നു. താന്‍ എത്തുമ്പോഴേക്കും വെള്ളം പതിയെ താഴുന്ന കാഴ്ചയാണ് കണ്ടതെന്നും ആബിദ പറഞ്ഞു.
പല നിറത്തിലാണ് വെള്ളം തിളച്ചു മറിഞ്ഞിരുന്നതെന്നും, രാവിലെ കിണറില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നതായും ആബിദ വ്യക്തമാക്കി. കിണറിലെ വെള്ളം ഇപ്പോഴും തിളച്ച് മറിയുന്നുണ്ടെങ്കിലും രാവിലത്തേത് പോലെ വെള്ളത്തിന് നിറവ്യത്യാസമോ, മണവ്യത്യാസമോ ഒന്നും തന്നെ അനുഭവപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.
ആബിദയുടെ വീട്ടിലുണ്ടായ പ്രതിഭാസത്തെപ്പറ്റി വിശദമായി പരിശോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വിഷയം പഞ്ചായത്തിലും വില്ലേജിലും അറിയിച്ചട്ടുണ്ട്. ഭൂഗര്‍ഭ ജല അതോറിറ്റിയെ അറിയിച്ച് ഇതില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കിണറ്റിലെ വെള്ളം തിളച്ച് മറിയുന്നു എന്ന വാര്‍ത്ത പരന്നതോടെ പല ഭാഗങ്ങളില്‍നിന്നായി നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. പ്രതിഭാസത്തിന്റെ കാരണം അറിയാത്തതിനാല്‍ വീട്ടുകാരും നാട്ടുകാരും ആശങ്കയിലാണ്.
വീഡിയോ കാണാം