ചെറുവണ്ണൂരില്‍ ആശങ്കയുയര്‍ത്തി കൊവിഡ്; വാര്‍ഡ് ഏഴ് മെക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍, വിശദമായി നോക്കാം പ്രദേശത്തെ നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്ന്
മേപ്പയ്യൂര്‍: ചെറുവണ്ണൂരില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് പഞ്ചായത്തിലെ ഒരു വാര്‍ഡ് മെക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി. വാര്‍ഡ് ഏഴിലെ ഒ പി മുക്ക് – വെങ്കല്ലില്‍ ഭാഗത്താണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണമുള്ളത്. നിലവില്‍ പഞ്ചായത്ത് കാറ്റഗറി സി യിലാണ് ഉള്‍പ്പെടുന്നത്.
മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ നോക്കാം
- കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫീസുകള്‍, ആരോഗ്യവകുപ്പ്, പോലീസ്, ഹോം-ഗാര്‍ഡ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്‌സൈസ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്/വില്ലേജ് ഓഫീസ്, ട്രഷറി/കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പാല്‍ സംഭരണം -വിതരണം, പാചകവാതകവിതരണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുവിതരണവകുപ്പ്, എടിഎം, അക്ഷയ സെന്ററുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം.
- ദുരന്തനിവാരണ പ്രവര്‍ത്തികള്‍ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാനിര്‍മ്മിതി കേന്ദ്ര, പൊതുമരാമത്ത് വകുപ്പ് , ഇറിഗേഷന്‍ എന്നീ വകുപ്പുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ഈ വകുപ്പുകളിലെ ജീവനക്കാര്‍ പരിശോധനാ ഉദ്യോഗസ്ഥരെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്രാനുമതി വാങ്ങണം.
- നാഷണലൈസ്ഡ് ബാങ്കുകളും സഹകരണ ബാങ്കുകളും 10 മണി മുതല്‍ നാല് മണിവരെ അന്‍പത് ശതമാനമോ അതില്‍ കുറവോ ആളുകളെ വച്ച് പ്രവര്‍ത്തിപ്പിക്കാം.
- ഭക്ഷ്യ-അവശ്യവസ്തുക്കളുടെ വില്‍പ്പനശാലകള്‍, ബേക്കറി ഉള്‍പ്പെടെയുള്ള കടകള്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാര്‍സലുകള്‍ വിതരണം ചെയ്യുന്ന സമയം രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും.
- ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല.
- കണ്ടെയ്ന്‍മെന്റ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. നാഷണല്‍ ഹൈവേ/സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഒരിടത്തും വാഹനം നിര്‍ത്തരുത്.
- കണ്ടെയ്ന്‍മെന്റ് സോണില്‍ രാത്രി ഏഴ് മുതല്‍ രാവിലെ അഞ്ച് മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചു. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളൂ.
- കണ്ടയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്ത് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. കണ്ടെയിന്‍മെന്റ് സോണില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം വാര്‍ഡ് ആര്‍ആര്‍ടികളുടെ സഹായം തേടാം.
- കണ്ടെയ്ന്‍മെന്റ് സോണിലെ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കണ്ടെയ്ന്‍മെന്റ് സോണില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും.
- ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2015 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188,269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കും.