ചെറുവണ്ണൂരിലെ കിണര്‍വെള്ളം തിളച്ചുമറിയുന്ന പ്രതിഭാസം അടുത്ത വീടുകളിലും; പ്രദേശവാസികള്‍ ഭീതിയില്‍


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൂവന്‍കുന്നുമ്മേല്‍ ഷാഹിദയുടെ വീട്ടില്‍ കിണര്‍ വെള്ളം തിളച്ചുമറിയുന്ന പ്രതിഭാസവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികര്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന് പരാതി. സെപ്റ്റംബര്‍ നാലുമുതലാണ് ഷാഹിദയുടെ വീട്ടില്‍ കിണര്‍വെള്ളം വലിയ ശബ്ദത്തോടെ തിളച്ചുമറിയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അന്നേദിവസം പഞ്ചായത്ത് അധികൃതര്‍ വീടുകളിലെത്തിയതല്ലാതെ ജലം പരിശോധിക്കാനോ ഇതിന്റെ കാരണം കണ്ടെത്താനോ ഉള്ള യാതൊരു ശ്രമവും ഉണ്ടായിട്ടില്ലെന്ന് ഷാഹിദ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

അടുത്തുള്ള വീടുകളിലെ കിണറ്റിലും സമാനമായ പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ ഭീതിയിലാണെന്നും ഷാഹിദ വ്യക്തമാക്കി. വെള്ളം പരിശോധയ്ക്ക് വിധേയമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളോട് തന്നെ കോഴിക്കോട് കൊണ്ടുപോയി പരിശോധിക്കാനാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നതെന്നും ഷാഹിദ പറഞ്ഞു.

‘പഞ്ചായത്തില്‍ നിന്നും ഇന്നുവരും നാളെ വരും എന്നു പറഞ്ഞു പറ്റിക്കുകയാണ്. ഇതുവരെ ആരും വന്നിട്ടില്ല. കിണറ്റില്‍ നിന്നും ഇപ്പോഴും വെള്ളം തിളച്ചുമറിയുകയാണ്. കോഴിക്കോട് ഞങ്ങള്‍ കൊണ്ടുപോയി വെള്ളം പരിശോധിക്കണമെന്നാണ് ഇപ്പോള്‍ പറയുന്നത്. ആദ്യം പറഞ്ഞത് അവരിങ്ങോട്ട് വന്ന് വെള്ളം പരിശോധിക്കുമെന്നാണ്. അടുത്തുള്ള വീടുകളിലെ മൂന്ന് നാലഞ്ച് കിണറിനെ ഇത് ബാധിച്ചിട്ടുണ്ട്. കിണറ്റില്‍ നിന്നും ഇപ്പോഴും ശബ്ദം കേള്‍ക്കുന്നുണ്ട്.’ ഷാഹിദ പറഞ്ഞു.

ഈ വെള്ളം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് തൊട്ടുതാഴെയുള്ള വീട്ടിലെ കിണറ്റില്‍ മോട്ടോര്‍ വെച്ചാണ് വീട്ടാവശ്യത്തിനുള്ള വെള്ളം ഈ കുടുംബം എടുത്തിരുന്നത്. എന്നാല്‍ ആ കിണറ്റിലും ഇതേ അവസ്ഥയാണെന്നാണ് ഷാഹിദ പറഞ്ഞത്. കുളിക്കാനും മറ്റും ആ വെള്ളം ഉപയോഗിച്ചപ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടിരുന്നു. വെള്ളത്തിന് ചില സമയത്ത് നിറംമാറ്റമുണ്ടാവുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

അതേസമയം ആരോപണം പഞ്ചാായത്ത് അധികൃതര്‍ നിഷേധിച്ചു. താനും വാര്‍ഡ് മെമ്പറും വീട് സന്ദര്‍ശിച്ചിരുന്നെന്നും ആവശ്യമായത് ചെയ്യുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് രാധ പറഞ്ഞു. ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജുവുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് വെള്ളം പരിശോധിക്കാനായി ഇന്നുരാവിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അടക്കമുള്ളവരുടെ സംഘം പ്രദേശത്തേക്ക് പോകുമെന്നാണ്. ഭൂഗര്‍ഭ ജലവകുപ്പിനെ വിളിച്ചിട്ട് കിട്ടാത്തതിനാലാണ് പരിശോധന വൈകിയതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ വാര്‍ഡുമെമ്പര്‍ ബാലകൃഷ്ണനുമായി ബന്ധപ്പെട്ടപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായതായും ജലത്തിന്റെ സാമ്പിള്‍ കോഴിക്കോട്ടേക്ക് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. ഭൂഗര്‍ഭ ജലവകുപ്പ് അധികൃതര്‍ ഇന്ന് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.