ചെറുവണ്ണൂരിലെ കര്‍ഷകര്‍ക്ക് ആശ്വാസം; കൃഷിസ്ഥലത്തെ തോട്ടില്‍ നിറഞ്ഞിരിക്കുന്ന ചളി നീക്കം ചെയ്ത് ബണ്ട് ശക്തിപ്പെടുത്തും


പേരാമ്പ്ര: ചെറുവണ്ണൂരിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. കൃഷിസ്ഥലത്തെ തോട്ടില്‍ നിറഞ്ഞിരിക്കുന്ന ചളിയും മറ്റും നീക്കം ചെയ്യുകയും തോടിന്റെ നവീകരണപ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യവും അനുഭാവപൂര്‍ണ്ണം പരിഗണിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി. ഇതിന്റെ ഭാഗമായി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ചെറുവണ്ണൂരിലെ കൃഷി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി.

പാടശേഖരങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞത് കാരണം നിരവധിപേരുടെ കൃഷി നശിച്ചിരുന്നു. കടം വാങ്ങിയും പണയം വച്ചുമായിരുന്നു പല കര്‍ഷകരും കൃഷിയിറക്കിയത്. വേനല്‍ കാലത്ത് വെള്ളത്തിന്റെ ക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.

മേപ്പയൂര്‍, ചെറുവണ്ണൂര്‍, തുറയൂര്‍ പഞ്ചയത്തുകളിലായി 1200 ഏക്കറോളം
വ്യാപിച്ചു കിടക്കുന്നതാണ് കരുവോട് ചിറ. കൃഷിസ്ഥലത്തുള്ള
തോടുകളില്‍ ചെളി നിറഞ്ഞു കിടക്കുകയാണ്. ഒരു മഴ പെയ്താല്‍ മൂന്ന് പഞ്ചായത്തിന്റെ പല ഭാഗത്ത് നിന്നും വെള്ളം കരുവോട് ചിറയില്‍ എത്തും. ഇതു കൃഷി വെള്ളത്തില്‍ മുങ്ങാന്‍ കാരണമാവുന്നു.

കൃഷിസ്ഥലത്തെ തോട്ടില്‍ നിറഞ്ഞിരിക്കുന്ന ചളി നീക്കം ചെയ്ത് ബണ്ട് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. മോട്ടോര്‍ സ്ഥാപിക്കുന്നതിന് വൈദ്യുതീകരണം നടത്തുന്നതടക്കമുള്ള അനുബന്ധ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. കരുവോട് ചിറ, വിയ്യഞ്ചിറ, ആവളപ്പാണ്ടി പാടശേഖരങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. കര്‍ഷകര്‍, പഞ്ചായത്ത് -കൃഷി വകുപ്പ് അധികൃതര്‍ എന്നിവരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

വള്ളക്കെട്ടും മറ്റും കാരണം പഞ്ചയാത്തിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന കൃഷിഭൂമിയിലേക്ക് വൈദ്യുതി എത്താത്തതുമൂലം വലിയ ബുദ്ധിമുട്ടാണ് കര്‍ഷകര്‍ അനുഭവിക്കുന്നത്.
ഇതിന് പരിഹാരം കാണാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും കൃഷി ഓഫീസറെയും നേരില്‍ കണ്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി പാടശേഖരങ്ങളില്‍ സന്ദര്‍ശനം നടത്തിയതെന്ന് ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രദേശത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായി പഠിച്ച് സമഗ്രമായ പ്ലാന്‍ തയ്യാറാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്ന് രാധ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ കെ.വി. റീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.പി. ദുൽഖിഫിൽ, സി.എം. ബാബു, പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ, വൈസ് പ്രസിഡന്റ് വി.പി.പ്രവിത, സ്ഥിരം സമിതി ചെയർപേഴ്‌സൺ പി. മോനിഷ, പഞ്ചായത്തംഗങ്ങളായ എൻ.ടി. ഷിജിത്, എൻ.ആർ. രാഘവൻ, കൃഷി ഓഫീസർ അമൽ, പാടാശേഖര സമിതിയിലെ സി.എം. കുഞ്ഞിക്കൃഷ്ണൻ, സി.പി. കുഞ്ഞമ്മദ്, കിഴക്കെയിൽ രവീന്ദ്രൻ, സി.ടി. ശശി എന്നിവർ പങ്കെടുത്തു.