ചെറുപുഴ കീഴരിയൂരിലെ ഒരു ജലാശയം മാത്രമല്ല, ആ നാടിന്റെ ചരിത്രവും അതിജീവനവും കൂടിയാണ്; പ്രിയപ്പെട്ട കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റിനോട് സ്നേഹത്തോടെ ഒരഭ്യർത്ഥന, നമുക്ക് ചെറുപുഴയെ വീണ്ടെടുക്കണം
കീഴരിയൂർ: കീഴരിയൂരിന്റെ ശുദ്ധജല സ്രോതസ്സായ ചെറുപുഴ നാശത്തിലേക്ക്. കീഴെ അരുവിയുളള ഊര് എന്നർഥം വരുന്ന കീഴരിയൂർ ദേശത്തിൻ്റെ പെരുമയായിരുന്ന മുഖ്യ ജലസ്രോതസായ ചെറുപുഴയാണ് നാശോന്മുഖമാവുന്നത്. തിമിർത്ത് പെയ്ത മഴയെ തുടർന്ന് അഫ്രിക്കൻ പായൽ ഒഴുകി വന്നു പുഴയെ മലീമസമാക്കിയിരിക്കുന്നു. ജല അട്ടകളും പുല്ലും ഒരു ഭാഗത്തു പുഴയെ കീഴടക്കുമ്പോൾ, തങ്ങളുടെ തെന്നവകാശപ്പെട്ടു ചില സ്വകാര്യ വ്യക്തികൾ പുഴയുടെ തീരം കൈയ്യേറുകയും ചെയ്യുന്നു.
കഴിഞ്ഞ പ്രാവശ്യം പാടശേഖര സമിതി നടത്തിയ ക്യഷിയും വിവാദമായിരുന്നു. ചെറുപുഴയുടെ ഭാഗമായുള്ള മതുമൽതാഴ പടശേഖരത്തിലാണ് അന്ന് കൃഷിയിറക്കിയിരുന്നത്. കൃഷി നടത്തിയവർ വിളവ് വർധിപ്പിക്കാനുള്ള ശ്രമം വേണ്ട രീതിയിൽ നടത്തിയില്ലെന്നും സബ്‌സിഡി വാങ്ങാൻ മാത്രമായി കൃഷി മാറി എന്നു മായിരുന്നു പ്രദേശവാസികളുടെ കുറ്റപ്പെടുത്തൽ. പാടശേഖരത്തിൽ പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കിയ ഒരു നെല്ലും ഒരു മീനും പദ്ധതിയും എങ്ങുമെത്തിയില്ല.
അന്ന്ചെറുപുഴ പാടശേഖരത്തിൽ മുപ്പതിനായിരം കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു എന്നവകാശപ്പെടുന്ന പഞ്ചായത്ത് അധികൃതർ പിന്നീട് പദ്ധതിയുടെ വിജയവഴി സ്വീകരിച്ചതേയില്ല എന്നും പാടശേഖരസമിതിക്ക് ട്രാക്ടർ വേ നിർമിച്ചു നൽകിയെങ്കിലും ഇതെല്ലാം വെറുതെ ആവുകയായിരുന്നെന്നും കർഷകർ കുറ്റപ്പെടുത്തുന്നു. കൃഷി നടത്താൻ പുഴയിലെ വെള്ളം വറ്റിച്ചപ്പോൾ സമീപ പ്രദേശത്തുള്ള കിണറുകളിലെ വെള്ളവും അന്ന് വറ്റിപോയിരുന്നെന്ന് അവർ പറയുന്നു.
അകലാ പുഴയിൽ നിന്നും ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കപ്പെട്ട ശുദ്ധജല സ്രോതസായ ചെറുപുഴ സംരക്ഷിക്കപ്പെടുക തന്നെ വേണം. ചെറുപുഴ പൊടിയാടി മേഖലയിൽ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഹൈഡൽ ടൂറിസം ഡിപ്പാർട്ടുമെൻ്റുമായി ബന്ധപ്പെട്ട് ഡിപിആർ തയാറാക്കി ഹൈസൽ ടൂറിസം നടപ്പിലാക്കുന്നതിന് സർക്കാറിന് സമർപ്പിച്ചിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല എന്നും പ്രദേശവാസികൾ പറയുന്നു.
അടിയന്തരമായി ചെറുപുഴയിലെ ആഫ്രിക്കൻ പായലും മറ്റും മാറ്റി കീഴരിയൂർ ഗ്രാമത്തിലെ തന്നെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്ന തരത്തിലും കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനും പുഴയെ ഉപയോഗപ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.