ചെരിഞ്ഞ കുട്ടിയാനയ്ക്ക് അരികിൽ നിന്ന് മാറാതെ കാട്ടാനക്കൂട്ടം
പുൽപ്പള്ളി: കന്നാരം പുഴയോരത്ത് ചെരിഞ്ഞ കാട്ടാനക്കുട്ടിയുടെ അരികിൽ നിന്ന് തള്ളയാന ഉൾപ്പടെയുള്ള കാട്ടാനക്കൂട്ടം മാറാതെ നിന്നത് നൊമ്പരക്കാഴ്ച ആയതോടൊപ്പം വനപാലകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കുറിച്യാട് റെയിഞ്ചിലെ കന്നാരം പുഴയോരത്താണ് രണ്ട് മാസം പ്രായമുള്ള കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കുട്ടിയാന ചരിഞ്ഞതിനെ തുടർന്ന് കന്നാരം പുഴയോരത്ത് രാവിലെ 6 മുതൽ തന്നെ കാട്ടാനക്കൂട്ടവും തമ്പടിച്ചു. വനപാലകർ സ്ഥലത്തെത്തി ക്കുട്ടിയാന ചെരിഞ്ഞ സ്ഥലത്ത് നിന്ന് മറ്റ് ആനകളെ മാറ്റാൻ ശ്രമിച്ചെങ്കിലും അവ മാറാൻ കൂട്ടാക്കിയില്ല. രാത്രി വൈകിയും കാട്ടാനക്കൂട്ടം സംഭവസ്ഥലത്ത് തുടരുകയാണ്.
ആനക്കുട്ടിയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്യാൻ വെറ്ററിനറി സർജനടക്കം എത്തിയെങ്കിലും ഇവിടേക്ക് അടുക്കാൻ സാധിച്ചില്ല. പലതവണ പടക്കം പൊട്ടിച്ചും മറ്റും ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വലിയ സ്ഫോടന ശബ്ദം കേട്ടാൽ കാട്ടാനകൾ ഓടാറാണ് പതിവ് എന്നാൽ ഇവിടെ കുട്ടിയാനയുടെ അടുത്തേക്ക് വനപാലകർ എത്തുമ്പോൾ വലിയ ആനകൾ ഇവരുടെ നേർക്ക് കുതിക്കുകയാണ്.
നാല് ആനകളായിരുന്നു ഞായറാഴ്ച രാവിലെ മുതൽ ഇവിടെ ഉണ്ടായിരുന്നത്. തള്ളയാന ഇവിടെനിന്നും മാറിയിട്ടില്ല. ആനക്കുട്ടി ചെരിഞ്ഞതിനുകാരണം പോസ്റ്റുമോർട്ടത്തിനുശേഷമേ വ്യക്തമാവൂ. കുറിച്യാട്, ചെതലയം റെയ്ഞ്ചിലെ വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഒരു ദിവസം കഴിഞ്ഞാൽ ആനക്കുട്ടിയുടെ ജഡത്തിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങും. ഇതോടെ ആനക്കൂട്ടം ഇവിടെനിന്ന് പിൻമാറുമെന്നാണ് വനപാലകർ പറയുന്നത്. നിലമ്പൂരിലെ കൃഷിസ്ഥലത്ത് ഒരു കാട്ടാനയും കോഴിക്കോട് കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ കാട്ടാനയും ഇന്നലെ ചെരിഞ്ഞു.