പേരാമ്പ്ര-കൂരാച്ചുണ്ട് റോഡരികില്‍ ഭീഷണിയായി തണല്‍മരങ്ങള്‍


പേരാമ്പ്ര: പാതയോരത്തെ തണല്‍മരങ്ങള്‍ ജനജീവിതത്തിന് ഭീഷണിയാകുന്നു. പേരാമ്പ്ര-കൂരാച്ചുണ്ട് റോഡിന്റെ വിവിധ ഭാഗങ്ങളിലാണ് വഴിവക്കുകളിലെ തണല്‍മരങ്ങള്‍ ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ പേരാമ്പ്ര-കൂരാച്ചുണ്ട് പാതയിലെ തണല്‍മരം കടപഴകി വീണിരുന്നു. ഉണ്ണിക്കുന്നും ചാലില്‍ ബസ്സ് സ്റ്റോപ്പിനടുത്തുള്ള കാലപ്പഴക്കമുള്ള പുളി മരമാണ് മറിഞ്ഞ് വീണത്. റോഡിലേക്കോ സമീപത്തെ വീടുകളുടെ ഭാഗത്തേക്കോ വീഴാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

പേരാമ്പ്ര-കൂരാച്ചുണ്ട് റോഡ് റോഡിന് വീതി കുട്ടുന്നതിന്റെ ഭാഗമായി റോഡിന് സമീപം മതില്‍ കെട്ടുന്ന പ്രവൃത്തി ആരഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി
ഉണ്ണിക്കുന്നും ചാലില്‍ ബസ്സ് സ്റ്റോപ്പിന് സമീപത്തു നിന്നും ജെസിബി ഉപയോഗിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാല്‍ പുളിമരം മുറിച്ച് മാറ്റാതെ അതിന് സമീപത്തു നിന്നും മണ്ണ് നീക്കം ചെയ്തതാണ് മരം കടപുഴകി വീഴാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

പേരാമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ പല സ്ഥലങ്ങളിലായി വീഴുന്ന തരത്തില്‍ നിരവധി തണല്‍ മരണങ്ങളുണ്ട്. ശക്തമായ കാറ്റിലും മഴയിലും ഇവ കടപുഴകി വീഴാന്‍ സാധ്യതകളേറെയാണ്. യാത്രക്കാരുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.