ചെമ്പനോട ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം ഇന്നും അവഗണനയില്‍; ആശുപത്രിയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് കേരള കോണ്‍ഗ്രസ്


ചക്കിട്ടപാറ: പഞ്ചായത്ത് മൂന്നാം വാർഡിലെ ചെമ്പനോട ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം വർഷങ്ങളായി അവഗണനയിൽ. കെട്ടിടം വർഷങ്ങൾക്കു മുൻപു നിർമിച്ചെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല. പന്നിക്കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിൽ വകുപ്പിന്റെ ഭൂമിയിലാണു കെട്ടിടം നിർമിച്ചത്. എന്നാൽ വൈദ്യുതി, വെള്ളം, ശുചിമുറി സൗകര്യം എന്നിവ ഏർപ്പെടുത്തിയിട്ടില്ല.

പ്ലമിങ്, വയറിങ് ജോലികൾ പൂർത്തീകരിക്കണം. കെട്ടിടം അറ്റകുറ്റപ്പണി നടത്താനും നടപടിയില്ല. മാലിന്യ നിർമാർജനത്തിനു സൗകര്യമില്ലാത്തതും പ്രശ്നമാണ്. ആഴ്ചയിൽ നാമമാത്രമായ ദിവസം മാത്രമാണ് ഹെൽത്ത് സെന്ററിൽ നിന്നു സേവനം ലഭിക്കുന്നത്. സ്ഥാപനവും പരിസരവും കാടുമൂടി. പഞ്ചായത്തിലെ 1,2,3,4 വാർഡുകളിലെ നൂറുകണക്കിനു കുടുംബങ്ങൾ ആശ്രയിക്കുന്നത് ഈ ആരോഗ്യ ഉപകേന്ദ്രത്തെയാണ്.

മികച്ച സേവനം ലഭ്യമാക്കാൻ കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നും ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം രാജീവ് തോമസ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ജോൺസൺ പൂകമല അധ്യക്ഷത വഹിച്ചു. ടോമി വള്ളിക്കാട്ടിൽ, എം.ജെ.വർക്കി മേടപ്പള്ളി, ബെന്നി കാഞ്ഞിരക്കാട്ടുതൊട്ടിയിൽ, ജോസഫ് ചേന്ദംപള്ളി, ബെന്നി വടക്കേടം, ബെന്നി പെരുമ്പിൽജോസ് പൂകമല, ജോബി ഒളവക്കുന്നേൽ, ബാബു മൈലപ്പറമ്പിൽ, ബാബു ചക്കാലയിൽ എന്നിവർ പ്രസംഗിച്ചു.