ചെങ്ങോട് മലയില്‍ ഖനനം പാടില്ലെന്ന് വിദഗ്ധ സമിതി: ഇത് മൂന്നരവര്‍ഷക്കാലത്തെ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും വിജയം


ബാലുശ്ശേരി: ബാലുശ്ശേരിക്കടുത്തുള്ള കോട്ടൂരിലെ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോട് മലയില്‍ ഖനനം പാടില്ലെന്ന് വിദഗ്ധ സമിതി. ഇതോടെ പ്രദേശത്ത് ഗ്രാനൈറ്റ് ക്വാറി തുടങ്ങാനുള്ള ഡെല്‍റ്റ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്.

വിദഗ്ധസമിതിയ്ക്കു കീഴിലുള്ള ഏഴംഗ സബ് കമ്മിറ്റി പ്രദേശം സന്ദര്‍ശിച്ചു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്വാറിയ്ക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ചത്. ചെങ്ങോട്ട് മല പരിസ്ഥിതി ലോല പ്രദേശമാണെന്നും അവിടെ ക്വാറി തുടങ്ങുന്നത് ഉരുള്‍പൊട്ടല്‍ അടക്കമുള്ള ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നുമാണ് വിദഗ്ധസമിതിയുടെ കണ്ടെത്തല്‍.

മൂന്നരവര്‍ഷക്കാലം കോട്ടൂര്‍പഞ്ചായത്തും ചെങ്ങോട് മലയിലെ സമരസമിതിയും ഒരുമിച്ച് നിന്ന് നടത്തിയ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടങ്ങളുടെ വിജയമാണിതെന്ന് ചെങ്ങോട് മല സമരസമിതിയുടെ ഭാഗമായ ടി. ഷാജു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്നുള്ള സമരമായിരുന്നു ഇത്. ഈ ജനത ഇങ്ങനെ നില്‍ക്കുകയാണെങ്കില്‍ എന്തൊക്കെ സ്വാധീനമുപയോഗിച്ച് ശ്രമിച്ചാലും ചെങ്ങോട് മലയില്‍ ക്വാറി നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഡെല്‍റ്റ ഗ്രൂപ്പിനുവേണ്ടി തോമസ് ഫിലിപ്പാണ് ചെങ്ങോട് മലയിലെ 150 ഏക്കര്‍ഭൂമി വാങ്ങിയത്. മഞ്ഞള്‍കൃഷിയുടെയും വെളിച്ചെണ്ണ കമ്പനിയുടെയും പേര് പറഞ്ഞായിരുന്നു ഭൂമി വാങ്ങിയത്. പ്രദേശത്ത് ക്വാറി നിര്‍മ്മിക്കാനുള്ള പാരിസ്ഥിതിക അനുമതിയടക്കം കമ്പനി സ്വന്തമാക്കിയതിനുശേഷമാണ് ചെങ്ങോട് മലയില്‍ ഗ്രാനൈറ്റ് ക്വാറിയും ക്രഷറും നിര്‍മ്മിക്കാനൊരുങ്ങുന്ന കാര്യം പ്രദേശവാസികള്‍ അറിഞ്ഞത്.

ഇതോടെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും സമരസമിതി രൂപീകരിച്ച് പഞ്ചായത്തിന്റെ സഹായത്തോടുകൂടി നിയമപോരാട്ടവും സമരങ്ങളും ആരംഭിക്കുകയുമായിരുന്നു. പാരിസ്ഥിതികാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്തു. ക്വാറി നിര്‍മ്മാണത്തിനായി പ്രദേശത്തുണ്ടായിരുന്ന പഞ്ചായത്തിന്റെ കുടിവെള്ള ടാങ്ക് പൊളിച്ച നടപടിയ്‌ക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുകയും ടാങ്ക് പുനസ്ഥാപിച്ചുകിട്ടാനായി സമരം ചെയ്യുകയും ചെയ്തു.

പഞ്ചായത്തിലെ ജൈവവൈവിധ്യ സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ പരിസ്ഥിതിയെക്കുറിച്ച് പഠനം നടത്തുകയും ക്വാറി വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് കണ്ടെത്തുകയും ചെയ്തു. പഞ്ചായത്ത് ഇടപെട്ട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിനെക്കൊണ്ട് പ്രദേശത്ത് പഠനം നടത്തിച്ചു. പ്രദേശത്ത് ഖനനം നടത്തിയാല്‍ നീരുറവകളും മരങ്ങളും വന്യമൃഗങ്ങളുമടക്കമുള്ള ജൈവവൈവിധ്യങ്ങളെ അത് ബാധിക്കുമെന്ന് അവര്‍ പഞ്ചായത്തിനെ അറിയിച്ചു. പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് വിശദമായ പഠനം നടത്തിയശേഷമേ പ്രദേശത്ത് ക്വാറി അനുവദിക്കണോയെന്ന് തീരുമാനിക്കാവൂവെന്ന് സി.ഡബ്ല്യു.ആര്‍.ഡി.എം റിപ്പോര്‍ട്ടു നല്‍കി.

ഇതിനിടെ ജില്ലാ പാരിസ്ഥിതിക സമിതി ക്വാറിയ്ക്ക് പാരിസ്ഥിതികാനുമതി നല്‍കി. സംസ്ഥാന ഏകജാലകം പഞ്ചായത്തിനെക്കൊണ്ട് പാരിസ്ഥിതിക അനുമതി നല്‍കിക്കാനുള്ള നീക്കം നടത്തി. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ സമരവുമായി മുന്നോട്ടുപോയി. തുടര്‍ന്ന് കലക്ടര്‍ അഞ്ചംഗസമിതി രൂപീകരിക്കുകയും ജില്ലാ പാരിസ്ഥിതിക സമിതിയുടെ അനുമതി റദ്ദാക്കുകയും ചെയ്തു.

തുടര്‍ന്ന് കമ്പനി സംസ്ഥാന ഏകജാലക ബോര്‍ഡിനെ സമീപിച്ചു. സംസ്ഥാന ഏകജാലക ബോര്‍ഡിന്റെ രണ്ടംഗ സമിതി പ്രദേശത്തെത്തി. എന്നാല്‍ ഇവരെ കമ്പനി വിലക്കെടുക്കുകയാണുണ്ടായതെന്ന് ഷാജു പറയുന്നു. പ്രദേശവാസികളുടെയോ പഞ്ചായത്തിന്റെയോ അഭിപ്രായം ഇവര്‍ തേടിയിരുന്നില്ല. സ്ഥലം സന്ദര്‍ശിച്ചില്ല. കമ്പനിയുടെ വണ്ടിയിലെത്തിയ ഇവര്‍ അവരുടെ അഭിപ്രായം മാത്രം കേട്ട് മടങ്ങുകയാണുണ്ടായതെന്നും ഷാജു പറയുന്നു.

ഇതിനെതിരെ പഞ്ചായത്തും സമരസമിതിയും ഹൈക്കോടതിയെ സമീപിച്ചു. സമരസമിതിയുടെയും പഞ്ചായത്തിന്റെയും വാദം കേട്ടശേഷമേ തുടര്‍നടപടി സ്വീകരിക്കാവൂവെന്ന് കോടതി ഉത്തരവിട്ടു. തുടര്‍ന്നാണ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിയാക് സമിതിയെ ചുമതലപ്പെടുത്തുന്നത്. സമരസമിതിയ്ക്കുവേണ്ടി അഡ്വ. ഹരീഷ് വാസുദേവനും പഞ്ചായത്തിനുവേണ്ടി പ്രസിഡന്റും വിദഗ്ധസമിതിയുടെ മുമ്പാകെ ഹാജരാവുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കമ്പനി ഉദ്യോഗസ്ഥരുടെ വാദവും സമിതി കേട്ടശേഷമാണ് ക്വാറിയ്ക്ക് പാരിസ്ഥിതിക അനുമതി നല്‍കാനാവില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.