ചെങ്ങോട്ടുകാവിന്റേയും ചേമഞ്ചേരിയുടേയും മനസ്സ് കവർന്ന് കാനത്തിൽ ജമീല; സ്വീകരണ കേന്ദ്രങ്ങളിൽ വൻ ആൾക്കൂട്ടം
കൊയിലാണ്ടി: എന്തരോ മഹാനുഭാവലു…,
ലോകത്തിൽ എത്രയെത്ര മഹാനുഭാവന്മാരുണ്ടോ അവർക്കെല്ലാം എൻ്റെ വന്ദനങ്ങൾ….. എന്ന് ഹൃദയം കൊണ്ട് പാടിയ ത്യാഗരാജ സ്വാമികളുടെ ജീവചരിത്രം – നാദബ്രഹ്മം തേടി – മലയാളത്തിലെഴുതി ശ്രദ്ധേയനായ കവി മേലൂർദാമോദരൻ കൊയിലാണ്ടിക്കാരനാണ്. മലയാളം ശ്രേഷ്ഠ ഭാഷയാണെന്ന അംഗീകാരത്തിനു പിന്നിൽ മൗനമായി പോരാട്ടം നയിച്ച, മലയാള പരിണാമവാദ ചർച്ചയും, ഭാഷാന്വേഷണവും അക്ഷരകാണ്ഡവുമെല്ലാമെഴുതി മലയാള ഭാഷാഗവേഷകനായ ഡോ കെ ഉണ്ണിക്കിടാവ് കൊയിലാണ്ടിക്കാരനാണ്.
കോൽ കയ്യിലെടുക്കാതെ ചെണ്ടമേളവും പഞ്ചവാദ്യവും, കുറുംകുഴൽപറ്റും, കൊമ്പു പറ്റും കേളിയുമെല്ലാം ഗവേഷകർക്ക് ആശ്ചര്യമുണ്ടാക്കുന്ന തരത്തിൽ വാങ്മയ രീതിയിൽ കൈമാറിയ ഡോ കെ വി രാജഗോപാലൻകിടാവും കൊയിലാണ്ടിക്കാരനാണ്. ഇവരുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന മേലൂരിലെ ആന്തട്ടയിൽ നിന്നാണ് എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ ബുധനാഴ്ചത്തെ പര്യടനം ആരംഭിച്ചത്.
ബന്ധുത്വം കൊണ്ടും അറിവും കഴിവും കൊണ്ടും ഇവർക്കെല്ലാം തൊട്ട് പിന്നിൽ സഞ്ചരിച്ച് കവിത കൊണ്ട് മാസ്മരിക ഭാവം സൃഷ്ടിക്കുന്ന മേലൂർ വാസുദേവൻ്റെ അഭിപ്രായം എൽഡിഎഫ് ഉറപ്പാണെന്നു തന്നെയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ചെറിയ കുശലം പറച്ചിൽ. പ്രഭാകരൻ കിടാവിനെ പോലുള്ള, വരിയോറ കൃഷ്ണേട്ടനെ പോലുള്ളപഴയകാല ഇടതുപക്ഷ പ്രവർത്തകരുടെ സുഖവിവരം അന്വേഷിക്കൽ.
പഴയ കാലത്ത്നാടക രംഗത്ത് ഒട്ടേറെ വിപ്ലവകരമായ ചലനങ്ങൾ സൃഷ്ടിക്കുകയും മലപ്പുറത്തിൻ്റെ ചരിത്രം പറഞ്ഞ ഏകപാത്ര നാടകത്തിലൂടെ പുതിയ കാലത്തും നാടകത്തിൽ സജീവമായ കെ വി അലിയേയും കുടുംബത്തേയും കാണൽ, കമ്യൂണിസ്റ്റ് പാർട്ടിയെ എന്നും മനസ്സിൽ നിറച്ചു കഴിയുന്ന കെ എ രാധാകൃഷ്ണൻ മാഷെ സന്ദർശിക്കൽ കാനത്തിൽ ജമീലയെന്ന ഇടതുപക്ഷ സ്ഥാനാർത്ഥി വോട്ടു ചോദിക്കലിനപ്പുറം ഓരോ വ്യക്തിക്കുള്ളിലുള്ള വലിയ സമൂഹത്തെ കാണുകയായിരുന്നു.
ചേലിയയിലെ കയർ തൊഴിലാളികൾക്കും, എടക്കുളത്തെ ഖാദിത്തൊഴിലാളികൾക്കും, ആശ്വാസം പാലിയേറ്റീവിലെ പ്രവർത്തകർക്കും വരാൻ പോകുന്ന ഇടതുപക്ഷ സർക്കാർ അവരുടെ ജീവിതത്തിൻ്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ടായിരുന്നു. സർക്കാർ വരണമെങ്കിൽ കൊയിലാണ്ടിയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജയിക്കണമെന്ന കാഴ്ചപ്പാടുണ്ടായിരുന്നു.
ചേമഞ്ചേരിയിലും കാപ്പാടും വെങ്ങളത്തുമെല്ലാം വോട്ടു ചോദിക്കാനായി സ്ഥാനാർത്ഥി എത്തുമ്പോൾ സ്വീകരിക്കാനായി എത്തിയത് ഒരു പ്രദേശം ഒന്നിച്ചായിരുന്നു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിലും ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിലും ടിവി.ഗിരിജയും കെ.ഗീതാനന്ദനും അനിത പറമ്പത്തും പി.വേണുവും കെ.മധുവും രജിലേഷു മടങ്ങുന്ന എൽ ഡി എഫിൻ്റെ നേതാക്കൾ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.