ചെങ്ങോടുമലയിലെ കരിങ്കല്‍ ഖനനം: ജൂലൈ 23-ന് വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കും


പേരാമ്പ്ര : കരിങ്കൽ ഖനനത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് 23-ന് സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി നിയോഗിച്ച ഏഴംഗസംഘം ചെങ്ങോടുമല സന്ദർശിക്കും. ജില്ലാ പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി ഡെൽറ്റ റോക്‌സ് പ്രൊഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നേരത്തെ പാരിസ്ഥിതികാനുമതി നൽകിയിരുന്നു.

ഇത് കളക്ടർ മരവിപ്പിച്ചതോടെയാണ് സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതിക്ക് വീണ്ടും അപേക്ഷ നൽകിയത്. ഈ അപേക്ഷയെത്തുടർന്നാണ് സന്ദർശനം. സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതിയിലെ ഡോ. ഈസ, കൃഷ്ണപ്പണിക്കർ എന്നിവർ നേരത്തെ ചെങ്ങോടുമല സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.

ഇതിനെതിരേ സമരസമിതി ഹൈക്കോടതിയെ സമീപിച്ചതിനാൽ സമരസമിതിയെയും പഞ്ചായത്തിനെയും കേൾക്കാതെ പാരിസ്ഥിതികാനുമതി നൽകരുതെന്ന് കോടതി ഉത്തരവിട്ടു. തുടർന്ന് കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെയും സമരസമിതിയുടെയും വാദം സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി കേൾക്കുകയും ആദ്യറിപ്പോർട്ട് സ്വീകരിക്കാതെ പഠനം നടത്താൻ പുതിയ സംഘത്തെ നിയോഗിക്കുകയുമാണ് ഉണ്ടായത്.

ചെങ്ങോടുമല സമരസമിതി കരിങ്കൽ ഖനനത്തിനെതിരേ ഏതാനും വർഷമായി സമരരംഗത്താണ്. എട്ടു ക്വാറി കമ്പനിയുടെ പേരിൽ 80 ഏക്കർ സ്ഥലം ചെങ്ങോടുമലയിൽ ഉണ്ടെന്നും പാരിസ്ഥിതികാനുമതിക്ക് അപേക്ഷിച്ച 12 ഏക്കറിൽ മാത്രം പരിശോധന നടത്താതെ 80 ഏക്കറിലും പരിശോധന നടത്തണമെന്നുമാണ് സമരസമിതി ആവശ്യപ്പെടുന്നത്.