ചെങ്കൊടി ഉയര്‍ന്നു; സി.പി.എം പേരാമ്പ്ര ഏരിയാ സമ്മേളനത്തിന് ഉജ്ജ്വലമായ തുടക്കം


പേരാമ്പ്ര: സി.പി.എം പേരാമ്പ്ര ഏരിയാ സമ്മേളനത്തിന് തുടക്കമായി. ഇന്നും നാളെയുമായി പേരാമ്പ്ര സുരഭി അവന്യൂവിലെ എം.കെ. ചെക്കോട്ടി നഗറിലാണ് സമ്മേളനം നടക്കുന്നത്.

മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജോസഫ് പള്ളുരുത്തി പതാക ഉയര്‍ത്തി. സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുതുകാട് കൂത്താളി സമരഭൂമിയില്‍ നിന്ന് ഏരിയാകമ്മിറ്റി അംഗം പി. ബാലന്റെ നേതൃത്വത്തില്‍ കൊടിമരവും കല്‍പത്തൂര്‍ കെ. ചോയി സ്മൃതിമണ്ഡപത്തില്‍നിന്ന് പാര്‍ട്ടി ഏരിയാകമ്മിറ്റി അംഗം എം. കുഞ്ഞമ്മദിന്റെ നേതൃത്വത്തില്‍ പതാകയും സമ്മേളന നഗരിയില്‍ എത്തിച്ചിരുന്നു.

15 ലോക്കല്‍ സമ്മേളനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 21 ഏരിയാകമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. കുഞ്ഞമ്മത്, ജോര്‍ജ് എം. തോമസ്, വി.പി. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.