ചെക്യാട് തീപ്പൊള്ളലേറ്റ ഗൃഹനാഥനും മകനും മരിച്ചു


നാദാപുരം: ചെക്യാട് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുടുംബത്തിലെ ഗൃഹനാഥനും, മകനും മരിച്ചു. കായലോട്ട് താഴെ കീറിയപറമ്പത്ത് രാജു (48), മകൻ സ്റ്റാലിഷ് (17) എന്നിവരാണ് മരിച്ചത്. ഭാര്യ റീന (40), മക്കളായ, സ്റ്റെഫിൻ (14 ) എന്നിവർ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുമാണ്.

ഗൃഹനാഥന്റെ മരണത്തിനും ഭാര്യയ്ക്കും മക്കൾക്കും തീപ്പൊള്ളലേറ്റ സംഭവത്തിനും ഇടയാക്കിയത് കുടുംബവഴക്കെന്നാണ് സൂചന. ചൊവ്വാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

സമീപത്തെ കല്യാണവീട്ടിൽ പോയി തിരിച്ചുവന്ന് കിടന്നുറങ്ങിയ ഭാര്യയെയും മക്കളെയും രാജു പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏതാനും വർഷംമുമ്പാണ് പാനൂർ തൂവ്വക്കുന്ന് സ്വാദേശി രാജു കായലോട്ട് താഴ കീറിയപറമ്പിൽ പുതിയവീടുവെച്ച് താമസമാക്കിയത്.

രാജു ഒമാനിൽ ടെയ്‌ലറായി ജോലി ചെയ്യുകയായിരുന്നു. ഒരുവർഷംമുമ്പാണ് പ്രവാസജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത്. നേരത്തെ നാട്ടുകാരുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന രാജു അടുത്ത കാലത്തായി അധികമാരുമായും സമ്പർക്കം പുലർത്താതെ ഒതുങ്ങിക്കഴിയുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഭാര്യയും മക്കളും പൊതുരംഗത്ത് സജീവമായിരുന്നു.

സ്റ്റാലിഷ് കടവത്തൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയും സ്റ്റെഫിൻ പാറാട് ഹയർസെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയുമാണ്. ഇടയ്ക്കിടെ ഭാര്യയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയും ഉടലെടുത്തിരുന്നു. നാട്ടുകാർ മുഴുവൻ സമീപത്തെ വിവാഹ ഒരുക്കങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് ചൊവ്വാഴ്ച പുലർച്ചെയോടെ വീട്ടിനുളളിൽനിന്ന് തീയും ഒപ്പം കൂട്ടനിലവിളിയും ഉയർന്നത്.

അഗ്നിവിഴുങ്ങിയ ശരീരവുമായി വീടിനുള്ളിൽനിന്ന് പ്രാണരക്ഷാർഥം ഓരോരുത്തരായി പുറത്തേക്കുവരുന്ന കാഴ്ചയാണ് ഓടിക്കൂടിയ നാട്ടുകാർക്ക് കാണാൻ കഴിഞ്ഞത്. ഉടൻതന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.