ചെക്യാട് തീപ്പിടുത്തം; ഒരാൾ കൂടി മരിച്ചു, ഒരാളുടെ നില ഗുരുതരം
നാദാപുരം: ചെക്യാട് തീപ്പൊള്ളലേറ്റ നാലംഗ കുടുംബത്തിലെ ഒരാൾകൂടി മരണത്തിന് കീഴടങ്ങി. പൊള്ളലേറ്റ് മരിച്ച രാജുവിൻ്റെ ഭാര്യ
റീന (40) ആണ് ഇന്ന് മരിച്ചത്. ഇവരുടെ മൂത്ത മകൻ സ്റ്റാലിഷ് (17) ഇന്നലെ മരിച്ചിരുന്നു. മറ്റൊരു മകനായ സ്റ്റെഫിൻ (14) ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ തുടരുകയാണ്.
ചൊവ്വാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സമീപത്തെ കല്യാണ വീട്ടിൽപോയി തിരിച്ച് വന്ന് കിടന്നുറങ്ങിയ ഭാര്യയെയും മക്കളെയും രാജു പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബവഴക്കാണ് സംഭവത്തിനിടയാക്കിയത്.
രാജു ഒമാനിൽ ടെയ്ലറായി ജോലി ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത്. മൂത്ത മകൻ സ്റ്റാലിഷ് കടവത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയും, ഇളയ മകൻ സ്റ്റെഫിൻ പാറാട് ഹയർ സെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമാണ്.