ചില്ലറ കൊടുക്കാതെയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; മദ്യശാലകളില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് അവതരിപ്പിക്കാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍


തിരുവനന്തപുരം: മദ്യം വാങ്ങാനെത്തുന്നവര്‍ ചില്ലറ നല്‍കാത്തത് ബീവറേജസ് കോര്‍പ്പറേഷന് ‘ചില്ലറ’ പ്രശ്‌നമല്ല ഉണ്ടാക്കുന്നത്. ഇതിനൊരു പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ പെയ്‌മെന്റ് സൗകര്യം അവതരിപ്പിക്കാനൊരുങ്ങുകയാണ് ബീവറേജസ് കോര്‍പ്പറേഷന്‍. യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) മുഖേനെ പണം നല്‍കാനുള്ള സൗകര്യമാണ് ഔട്ട്‌ലെറ്റുകളില്‍ ഒരുക്കുക.

സംസ്ഥാനത്താകെ 265 മദ്യശാലകളാണ് ബീവറേജസ് കോര്‍പ്പറേഷന് ഉള്ളത്. ഇതില്‍ 95 എണ്ണം സെല്‍ഫ് സര്‍വ്വീസ്-പ്രീമിയം ഔട്ട്‌ലെറ്റുകളാണ്. പ്രീമിയം കൗണ്ടറുകളിലാണ് യു.പി.ഐ പെയ്‌മെന്റ് സൗകര്യം ആദ്യം നടപ്പാക്കുക.

മദ്യം വാങ്ങുമ്പോള്‍ ചില്ലറ തിരികെ കൊടുക്കാതെയുള്ള തട്ടിപ്പുകള്‍ നടക്കുന്നതായി നിരവധി പരാതികള്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ആസ്ഥാനത്ത് ലഭിച്ചിരുന്നു. പരാതികളില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് യു.പി.ഐ സേവനം നല്‍കാന്‍ തീരുമാനിച്ചത്. ഡിജിറ്റല്‍ പേയ്‌മെന്റ് ആയാല്‍ പണത്തട്ടിപ്പ് തടയാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു.

നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍.പി.സി.ഐ) യു.പി.ഐ വികസിപ്പിച്ചത്. ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് എന്നത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് ഉള്‍പ്പെടുത്തുന്ന സംവിധാനമാണ്. യു.പി.ഐ ശൃംഖലയില്‍ 270 ല്‍ അധികം ബാങ്കുകളുണ്ട്.

വിവിധ ബാങ്കുകളുടെ ആപ്പുകള്‍ക്കു പുറമേ നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഭീം ആപ്, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, ആമസോണ്‍ പേ തുടങ്ങി യു.ഐ.പി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി പണമിടപാടിനു സഹായിക്കുന്ന നിരവധി ആപ്പുകളുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.