ചിരി തേടി പോകുന്ന ബാല്യത്തിന്റെ കഥയുമായി ‘മഞ്ചാടി’; പ്രശാന്ത് ചില്ലയുടെ പുതിയ ഹ്രസ്വചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി


കൊയിലാണ്ടി: കൊയിലാണ്ടി ചലച്ചിത്രക്കൂട്ടായ്മ പ്രവര്‍ത്തകന്‍ പ്രശാന്ത് ചില്ലയുടെ പുതിയ ഹ്രസ്വചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രവാസിയായ ഉജീഷ് പുനത്തിലില്‍ നിര്‍മിക്കുന്ന ‘മഞ്ചാടി’ എന്ന ഹ്രസ്വചിത്രം കുട്ടേട്ടന്‍സ് ഫിലിംസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.

വീട്ടില്‍ അടച്ചിടപ്പെട്ട ഒരു കുട്ടിയുടെ ദുര്‍ബലമായിപ്പോയ ബാല്യത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ‘സ്വാതന്ത്രത്തിന്റെ പ്രകാശം പരക്കട്ടെ’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ചിത്രം കാണികളിലേക്ക് എത്തുന്നത്.

കുടുംബവഴക്കുകള്‍ക്കിടയില്‍പ്പെട്ട് ചിരിക്കാന്‍ മറന്ന് പോയ മാതാപിതാക്കളില്‍ നിന്ന് ചിരി തേടി പോകുന്ന ഒരു പത്ത് വയസ്സുകാരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മഞ്ചാടി എന്ന ശീര്‍ഷകം പോലും ബാല്യത്തിന്റെ ഓര്‍മപ്പെടുത്തലാണെന്ന് സംവിധായകന്‍ പ്രശാന്ത് ചില്ല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സംവിധായകൻ തന്നെയാണ് ആദ്യ പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്.

‘മഞ്ചാടി’യുടെ ആദ്യ പോസ്റ്റർ

കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരളയിലെ കലാകാരന്മാരുടെ ഒത്തുചേരലാണ് ഈ ചിത്രം. റോബിന്‍. പി.ആറാണ് ചിത്രത്തിന്റെ ക്യാമറ. വൈഷ്ണവ് പ്രശാന്താണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.