മാസ്കിനുള്ളിൽ മറഞ്ഞുപോയ ചിരികളെ തിരികെ പിടിക്കാം, ഇനിയുമുറക്കെ ചിരിക്കാം: മാസ്ക്കിലൂടെ ചിരിയുടെ പുതുചരിത്രം രചിച്ച നീഹ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
കൊവിഡ് വന്നതോടെ ചിരികളെല്ലാം ഇപ്പോള്‍ മാസ്‌ക്കിനുള്ളിലാണ്. സമീപത്തുകൂടെ കടന്നു പോകുന്നത് ആരെന്ന് പോലും മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ കടന്ന് പോകുന്നത് അപരിചിതനാണെങ്കിലും അവരില്‍ ചെറു സന്തോഷമോ കൗതുകമോ പകരാനാണ് മലാപ്പറമ്പ് സ്വദേശി നീഹ തന്റെ മാസ്‌ക്കുകളിലൂടെ ശ്രമിക്കുന്നത്. ചിരിയെ മറയ്ക്കുന്ന മാസ്‌കിലൂടെ മറ്റുള്ളവരില്‍ ചെറുപഞ്ചിരിയെങ്കിലും വിടര്‍ത്താന്‍ കഴിഞ്ഞാല്‍ സന്തോഷമാണെന്ന് നീഹ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
വര്‍ണനൂലിനാല്‍ തുന്നിയ പൂമ്പാറ്റകളും മഴവില്ലും സൂര്യകാന്തിപ്പൂക്കളും നിറഞ്ഞ മാസ്‌കുകളാണ് നീഹ നിര്‍മ്മിക്കുന്നത്. കേരളം കടന്ന് അങ്ങ് ബോളിവുഡിലും താരമാണ് ഇപ്പോള്‍ നീഹയുടെ മാസ്‌ക്കുകള്‍. സാറാ അലിഖാന്‍, ശ്രദ്ധകപൂര്‍, തുടങ്ങി നിരവധി താരങ്ങളും ഗായകരും നീഹയുടെ മാസ്‌കിന്റെ ഇഷ്ടക്കാരാണ്.
സിവില്‍ എന്‍ജിനിയറായ നീഹ 2018ല്‍ ഫിറ്റിഷ് എസന്‍ഷ്യല്‍ (Fitish Essentials) എന്ന പേരില്‍ വെബ്സൈറ്റ് തുടങ്ങിയാണ് ഓണ്‍ലൈനില്‍ വസ്ത്രവില്‍പ്പനയിലേക്ക് കടക്കുന്നത്. കൊവിഡ് വന്നതോടെ പുനരുപയോഗിക്കാവുന്ന മാസ്‌ക്കുകള്‍ നിര്‍മ്മിക്കുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് മാസ്‌ക് നിര്‍മ്മാണത്തിലേക്ക് കടന്നത്.
സുരക്ഷ മുന്‍നിര്‍ത്തി പൂര്‍ണ്ണമായു കോട്ടണ്‍ ഉപയോഗിച്ച് മൂന്ന് ലെയര്‍ ഉള്ള മാസ്‌ക്കുകളാണ് നീഹ നിര്‍മ്മിക്കുന്നത്. കൈകള്‍ കൊണ്ടുള്ള എംബ്രോയ്ഡറി വര്‍ക്കുകളാണ് മാസ്‌കില്‍ ചെയ്യുന്നത്. അഗ്രഭാഗങ്ങളില്‍ ലെയ്സും ഘടിപ്പിക്കും. ആഘോഷ വേളകളിലേക്കായി മുത്തുകളും മറ്റും ഉപയോഗിച്ചുള്ള അലങ്കാര മാസ്‌കുകളുമുണ്ടാക്കുന്നു.
വീട്ടുകാരെ മോഡലുകളാക്കി എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രമില്‍ നീഹ പങ്കുവച്ചിരുന്നു. ഇത് കണ്ടാണ് പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ സിക്സ് ഡിഗ്രിയാണ് കച്ചവടത്തിനായി ബന്ധപ്പെട്ടത്. ഇവരിലൂടെയാണ് നീഹയുടെ മാസ്‌ക്കുകള്‍ ബോളിവുഡ് താരങ്ങളിലേക്കെത്തുന്നത്. ഈ മാസ്‌കുകള്‍ ധരിച്ച ചിത്രങ്ങള്‍ സാറാ അലി ഖാനും തപ്സി പന്നും ശ്രദ്ധ കപൂറുമെല്ലാം ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
മാസ്‌ക്കുകള്‍ വൈറലായതോടെ നിരവധി ആളുകള്‍ തന്നെ സമീപിക്കുന്നുണ്ടെന്ന് നീഹ പറഞ്ഞു. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും മാസ്‌ക്കിന് ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. ഫിറ്റിഷ് എസന്‍ഷ്യല്‍ എന്ന വെബ്‌സൈറ്റ് വഴിയാണ് വില്‍പ്പന. മൂന്ന് വര്‍ഷമായി ഈ വെബ്‌സൈറ്റ് വഴി നീഹ ഡ്രസ് ഡിസൈന്‍ ചെയ്ത് വിപണിയിലെത്തിക്കുന്നുണ്ട്. ഡിസൈനറായ ഭര്‍ത്താവ് അന്‍സിലിന്റെയും ഡോക്ടറായ വാപ്പ, ഉമ്മ, സഹോദരിമാര്‍ ഉള്‍പ്പെടെയുള്ള കുടുംബക്കാരും നല്ല പിന്തുണയാണ് നല്‍കുന്നതെന്നും നീഹ പറഞ്ഞു.