ചിത്രരചനയ്ക്ക് പുറമെ കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെയും നിറസാന്നിധ്യം; ഐ.എം വിനോദന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ നാട്


തുറയൂര്‍: ഐ.എം വിനോദന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് നല്ലൊരു കലാകാരനെയും ഒപ്പം സാംസ്‌ക്കാരിക പ്രവര്‍ത്തകനെയുമാണ്. ചിത്രകലാ അധ്യാപകനായിരുന്ന അദ്ദേഹം കല,സാംസ്‌ക്കാരിക, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും നിറ സാന്നിധ്യമായിരുന്നു.

ചെറുപ്പം മുതലേ ചിത്രരചനയോട് താത്പര്യമുണ്ടായിരുന്നെങ്കിലും മത്സരങ്ങളിലൊന്നും പങ്കെടുക്കുന്ന വ്യക്തിത്വമല്ലായിരുന്നു വിനോദന്റേത്. ചിത്ര രചനയെ കൂടെ കൂട്ടിയ അദ്ദേഹം പ്രോഫഷണല്‍ ബോര്‍ഡ് എഴുത്തുകാരനായിരുന്നു. മുന്‍കാലങ്ങളില്‍ കുട്ടികള്‍ക്ക് ചിത്ര രചനയില്‍ പരിശീലനവും നല്‍കിയരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അമൃതം ആര്‍ട്‌സ് എന്ന സാംസ്‌ക്കാരിക വേദി രൂപീകരിച്ച് നിരവധി സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.

വടകര ലീഡര്‍ ആര്‍ട്‌സിന്റെയും സ്ഥാപകനും പ്രതീക്ഷ തിയേറ്റഴ്‌സ് ഹരിശ്രീ സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തകനുമായ അദ്ദേഹം മികച്ചൊരു സംഘാടകനും കൂടിയായിരുന്നു. കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തോടൊപ്പം ഇടതുപക്ഷ സഹചാരിയുമായായിയുന്നു വിനോദന്‍.

തുറയൂര്‍ ജി.യു.പി സ്‌കുളിലും ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെയും താത്ക്കാലിക ചിത്രകലാ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു വിനോദന്‍. ജോലിക്കിടയില്‍ സ്‌കൂളില്‍ വച്ച് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ കഴിഞ്ഞ ഒരു മാസത്തോളമായി കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്ന് വടകരയിലേക്ക് മാറ്റുകയായരുന്നു. അവിടെ വച്ച് ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

ദേവകിയാണ് അമ്മ. ഷീജ (സി.പി.എം കുയുമ്പിലുന്ത് ബ്രാഞ്ച് സെക്രട്ടറി) ആണ് ഭാര്യ. വിദ്യാര്‍ത്ഥികളായ വസുദേവ്, ദേവനന്ദ എന്നിവര്‍ മക്കളാണ്.