ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് കൊണ്ടുപോയി; ജ്യൂസില്‍ മയക്കുമരുന്ന് കലക്കി നല്‍കി യുവതിയെ ബലാത്സംഗം ചെയ്തു; ചാരിറ്റി പ്രവര്‍ത്തകനടക്കം മൂന്നുപേര്‍ അറസ്റ്റില്‍


പുല്‍പ്പള്ളി: ചികിത്സാ സഹായം നല്‍കാനെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ചാരിറ്റി പ്രവര്‍ത്തകനടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ബത്തേരി തൊവരിമല കക്കത്ത് പറമ്പില്‍ ഷംസാദ് (24), റഹ്‌മത്ത് നഗര്‍ മേനകത്ത് ഫസല്‍ മെഹമൂദ് (23), അമ്പലവയല്‍ ചെമ്മന്‍കോട് സെയ്ഫു റഹ്‌മാന്‍ (26) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

സെപ്റ്റംബര്‍ 27നാണ് സംഭവം. സ്‌നേഹദാനം എന്ന ചാരിറ്റബിള്‍ സംഘടനയുടെ ഭാരവാഹിയാണ് ഷംസാദ്. ഗുരുതര രോഗം ബാധിച്ച് ചികിത്സ തേടിയ യുവതിയെ സഹായിക്കാമെന്ന് പറഞ്ഞ് ഷംസാദ് സമീപിക്കുകയായിരുന്നു. യുവതിയെ സഹായിക്കാനാവശ്യപ്പെട്ടുള്ള വീഡിയോ തയ്യാറാക്കുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സാ സഹായത്തിനെന്നു പറഞ്ഞ് യുവതിയെ എറണാകുളത്ത് എത്തിക്കുകയായിരുന്നു പ്രതികള്‍ ചെയ്തത്.

എറണാകുളത്ത് ഹോട്ടലില്‍ മുറിയെടുത്തശേഷം യുവതിയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബത്തേരി ഡി.വൈ.എസ്.പി വി.എസ് പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്.