ചാലിക്കര മുസ്‌ലിം പള്ളിക്ക് മുന്നില്‍ പത്തുവയസുകാരിയുടെ കുത്തിയിരിപ്പ് പ്രതിഷേധം


പേരാമ്പ്ര: കോടതി വിധിപ്രകാരം ലഭിക്കേണ്ട ജീവനാശം നല്‍കാന്‍ തയ്യാറാകാതെ അച്ഛന്‍ രണ്ടാമത് വിവാഹം ചെയ്യുകയാണെന്ന പരാതിയുമായി പത്തുവയസുകാരിയുടെ പ്രതിഷേധം. നൊച്ചാട് തൈക്കണ്ടിമീത്തല്‍ ഹാസിഫയുടെ മകളാണ് ചാലിക്കര മുസ്ലിംപള്ളിക്ക് മുന്നില്‍ കുത്തിയിരുന്നാണ് പെണ്‍കുട്ടി പ്രതിഷേധിക്കുന്നത്. പാലച്ചുവട് സ്വദേശി ഇസ്മായിലാണ് കോടതി ഉത്തരവുണ്ടായിട്ടും അമ്മയ്ക്കും കുഞ്ഞിനും ജീവനാംശം നല്‍കാതെ പുനര്‍വിവാഹത്തിന് ഒരുങ്ങുന്നത്.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതാണ്. ഭാര്യയ്ക്കും കുട്ടിക്കും ജീവനാംശം നല്‍കാന്‍ 2016 ഏപ്രിലില്‍ വടകര കുടുംബക്കോടതി വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അച്ഛന്‍ ജീവനാംശം നല്‍കുന്നില്ലെന്നും മഹറായി കിട്ടിയ സ്വര്‍ണവും നല്‍കാനുണ്ടെന്നാണ് ഉമ്മ ഹാസിഫയുടെ പരാതി.

ഈ വര്‍ഷം ഹാസിഫയും പുനര്‍വിവാഹിതയായിരുന്നു. കുട്ടിക്ക് ജീവനാംശം ലഭിക്കുന്ന കാര്യത്തില്‍ നിയമപരമായാണ് പരിഹാരം കാണേണ്ടതെന്ന നിലപാടിലാണ് മഹല്ല് കമ്മിറ്റി. തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തിലാണ് പള്ളിക്കുമുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതെന്നും മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി.കെ ഇബ്രാഹിം പറഞ്ഞു. ഇസ്മയിലിന്റെ ആദ്യവിവാഹം മറ്റ് മഹല്ല് പരിധിയില്‍പെടുന്ന കാര്യങ്ങളാണെന്നും എല്ലാ രേഖകളും പുനപരിശോധിച്ചശേഷമാണ് പുനര്‍വിവാഹത്തിലെ നിക്കാഹ് നടത്തിക്കൊടുത്തതെന്നുമാണ് അദ്ദേഹം പറയുന്നത്.

പ്രശ്‌നത്തില്‍ വെള്ളിയാഴ്ച രാവിലെ പേരാമ്പ്ര സി.ഐ. എം. സജീവ് കുമാറിന്റെ സാന്നിധ്യത്തില്‍ പോലീസ്സ്റ്റേഷനില്‍ ചര്‍ച്ച നടത്തിയിരുന്നു. നിയമപരമായി പരിഹാരം കാണണമെന്നാണ് പൊലീസും അഭിപ്രായപ്പെട്ടത്. ഇസ്മയില്‍ നേരത്തെ ജീവനാംശം നല്‍കാത്തതിനെത്തുടര്‍ന്ന് കോടതി ഉത്തരവുപ്രകാരം ആറുമാസം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. ഇതിനുശേഷവും ജീവനാംശം നല്‍കുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.