ചാലിക്കര പള്ളിക്കുമുന്നിലെ പത്തുവയസ്സുകാരിയുടെ സമരം; വസ്തുതകള്‍ മറച്ചുവെച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മഹല്ല് കമ്മിറ്റി
പേരാമ്പ്ര: ചാലിക്കര പള്ളിക്ക് മുന്നില്‍ പത്തു വയസ്സുകാരിയെ നിര്‍ത്തിനടത്തിയ സമരം വസ്തുതകള്‍ മറച്ചുവെച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഹല്ല് പ്രസിഡന്റിനെയും കമ്മിറ്റിയെയും പള്ളിയെയും സമൂഹത്തിന്റെമുന്നില്‍ മോശമായി ചിത്രീകരിക്കാന്‍ ചില തത്പര കക്ഷികള്‍ നടത്തുന്ന സംഘടിതമായ ശ്രമമാണ് പള്ളിയുടെമുന്നില്‍ നടന്ന സമരം.
കുട്ടിയുടെ മാതാപിതാക്കളുടെ ആദ്യം നടന്ന വിവാഹം മറ്റൊരു മഹല്ല് പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. എല്ലാ രേഖകളും പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് പുനര്‍വിവാഹത്തിന്റെ നിക്കാഹ് മഹല്ല് കമ്മിറ്റി നടത്തിക്കൊടുത്തത്. കുട്ടിക്ക് ജീവനാംശം ലഭിക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവ് പ്രകാരം നിയമപരമായാണ് പരിഹാരം കാണേണ്ടത്. വിഷയത്തില്‍ അപവാദ പ്രചാരണം നടത്തിയവരുടെപേരില്‍ മഹല്ല് കമ്മിറ്റി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
കോടതി വിധിപ്രകാരം ലഭിക്കേണ്ട ജീവനാശം നല്‍കാന്‍ തയ്യാറാകാതെ അച്ഛന്‍ രണ്ടാമത് വിവാഹം ചെയ്യുകയാണെന്ന പരാതിയുമായാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി പള്ളിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. നൊച്ചാട് തൈക്കണ്ടിമീത്തല്‍ ഹാസിഫയുടെ മകളാണ് ചാലിക്കര മുസ്ലിംപള്ളിക്ക് മുന്നില്‍ കുത്തിയിരുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതാണ്. ഭാര്യയ്ക്കും കുട്ടിക്കും ജീവനാംശം നല്‍കാന്‍ 2016 ഏപ്രിലില്‍ വടകര കുടുംബക്കോടതി വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അച്ഛന്‍ ജീവനാംശം നല്‍കുന്നില്ലെന്നും മഹറായി കിട്ടിയ സ്വര്‍ണവും നല്‍കാനുണ്ടെന്നാണ് ഉമ്മ ഹാസിഫയുടെ പരാതി.
പത്രസമ്മേളനത്തില്‍ മഹല്ല് പ്രസിഡന്റ് ടി.കെ. ഇബ്രാഹിം, ജനറല്‍ സെക്രട്ടറി സി. അബ്ദുള്‍ റഷീദ്, ട്രഷറര്‍ എസ്.കെ. ഇബ്രാഹിം, ടി.കെ.വി. അബൂബക്കര്‍, പി.കെ.കെ. നാസര്‍ എന്നിവര്‍ പങ്കെടുത്തു.