ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍


കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ആശുപത്രിയില്‍ ചെലവായ 2,42,603 രൂപ അനുവദിച്ച് നല്‍കണമെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് അപേക്ഷ നല്‍കിയിരുന്നു.

അതിനിടെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പാഴൂരിനെ
നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന എല്ലാവരുടെയും നിപ പരിശോധനഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് തീരുമാനം. വാര്‍ഡില്‍ ജാഗ്രത തുടരും. ആരോഗ്യവിഭാഗത്തിന്റേയും പൊലീസിന്റേയും നിരീക്ഷണം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ക്കറ്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നത് നിയന്ത്രിക്കാനും നിര്‍ദേശമുണ്ട്.

സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തത്. പാഴൂര്‍ വായോളി ഹൗസില്‍ അബൂബക്കര്‍-വാഹിദ ദമ്പതികളുടെ മകനായ മുഹമ്മദ് ഹാഷിമായിരുന്നു മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു ഹാഷിമിന്റെ പ്രായം. കോഴിക്കോട് മെഡിക്കല്‍ കോളജ് അടക്കം 5 ആശുപത്രികളില്‍ ഹാഷിം ചികിത്സ തേടിയിരുന്നു. മുഹമ്മദ് ഹാഷിമിന് നിപ ബാധയുണ്ടായത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.