ചാണകത്തില്‍ നിന്ന് ഇനി പെയ്ന്റും; പുതിയ സംരഭവുമായി ഖാദി കമ്മീഷന്‍; ഉത്പ്പന്നം ലഭ്യമാകുക ‘പ്രകൃതിക് പെയിന്റ്’ എന്ന പേരില്‍ ലിറ്ററിന് 340 രൂപ നിരക്കില്‍


കോഴിക്കോട്‌: രാസഘടകങ്ങളില്ലാതെ പൂര്‍ണമായും പ്രകൃതിസൗഹൃദമായ പെയിന്റ് ഉത്പാദിപ്പിച്ച്‌ കേന്ദ്ര ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍. പശുവിന്‍ ചാണകവും പ്രകൃതിദത്ത സംയുക്തങ്ങളും ചേര്‍ത്താണ് പെയന്റിന്റെ നിര്‍മ്മാണം.ബി.ഐ.എസ്. അംഗീകാരം നേടിയ ഉത്പന്നം മുംബൈയിലെയും ഗസ്സിയാബാദിലെയും പരിശോധനാലാബുകള്‍ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ട്.

‘പ്രകൃതിക് പെയിന്റ്’ എന്ന ഉത്പന്നം ലിറ്ററിന് 340 രൂപ നിരക്കില്‍ വിപണനം തുടങ്ങി. ഓണ്‍ലൈനിലും ഖാദി കമ്മിഷന്‍ പെയിന്റ് ലഭ്യമാക്കുന്നുണ്ട്. ബാക്കി രാസപെയിന്റുകളെപ്പോലെ ശ്വാസതടസ്സം, മറ്റ് അലര്‍ജികള്‍ തുടങ്ങിയവയ്‌ക്കൊന്നും ഇടയാക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വാദം.

വെള്ളനിറത്തിലാണിപ്പോള്‍ ലഭിക്കുന്നത്. ഉപഭോക്താവിന്റെ താത്പര്യത്തിന് മറ്റു നിറങ്ങള്‍ ചേര്‍ത്ത് ചുവരുകള്‍ക്ക് വര്‍ണപ്പകിട്ടേറ്റാം. നാലുമണിക്കൂറിനുള്ളില്‍ പൂര്‍ണമായും ഉണങ്ങും. എമല്‍ഷന്‍ പെയിന്റിന്റെ മാറ്റ് ഫിനിഷിങ്ങുള്ള ഈ പെയിന്റടിച്ച ചുവരുകള്‍ കഴുകാവുന്നതും ഫംഗസ് മുക്തവുമാണ്.

ആന്റി ബാക്ടീരിയല്‍ ഘടകങ്ങളുമുണ്ട്. പശുഫാമുകള്‍ക്ക് ചാണകത്തില്‍നിന്ന് മികച്ച വരുമാനം ലഭിക്കാനുള്ള അവസരംകൂടിയാവുകയാണ് പെയിന്റ് നിര്‍മ്മാണം.ചുവരിലും തറയിലും ചാണകം മെഴുകിയിരുന്ന ഗ്രാമീണപാരമ്ബര്യത്തിന്റെ തുടര്‍ച്ചയായി പുതിയ പെയിന്റ് അവതരിപ്പിക്കുന്നത്.