ചര്‍ച്ച ഭയന്ന് കേന്ദ്ര സര്‍ക്കാര്‍; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ലോക്‌സഭ ഏകപക്ഷീയമായി പാസാക്കി (വീഡിയോ കാണാം)


ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ്‌ ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചത്.

ബില്‍ പാസാക്കിയതിന് പിന്നാലെ സഭ വീണ്ടും നിര്‍ത്തിവെച്ചു. ഉച്ചക്ക് രണ്ടു മണിക്ക് വീണ്ടും ചേരും. രാവിലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് മുതല്‍ ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിനുള്ള ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ 12 മണിക്ക് പുന:രാരംഭിച്ചപ്പോഴാണ് ബില്‍ പാസാക്കിയത്‌. രാജ്യസഭയിലും ബില്‍ ഇന്നു തന്നെ പാസാക്കിയെടുക്കാനുള്ള ശ്രമമാണ് ഭരണപക്ഷം നടത്തുന്നത്.

ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ ഈ മാസം 19-നാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കര്‍ഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയമം പാസാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്‌.

അത് നടപ്പായി, ഇനി എംഎസ്പി(താങ്ങുവില) അടക്കമുള്ള കര്‍ഷകരുടെ മറ്റു പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാമെന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കിയതിന് പിന്നാലെ കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പ്രതികരിച്ചു. ഇത് ആഘോഷിക്കുമോ എന്ന ചോദ്യത്തിന് സമരത്തിനിടെ എത്ര കര്‍ഷകരാണ് മരിച്ചുവീണത്. അത് ആഘോഷിക്കണോ എന്നായിരുന്നു ടികായത്തിന്റെ മറുചോദ്യം.