ചരിത്രവിജയവുമായി വീണ്ടും ജി വി എച്ച് എസ് എസ് മേപ്പയ്യൂര്‍; 307 പേര്‍ക്ക് ഫുള്‍ എപ്ലസ്, 99.61 വിജയ ശതമാനം


മേപ്പയ്യൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ ചരിത്രവിജയവുമായി വീണ്ടും ജി വി എച്ച് എസ് എസ് മേപ്പയ്യൂര്‍. കൊവിഡ് മഹാമാരിക്കിടയിലും മികവാര്‍ന്ന വിജയമാണ് വിദ്യാലയം കരസ്ഥമാക്കിയത്. 99.61 ആണ് വിദ്യാലയത്തിലെ വിജയ ശതമാനം. പരീക്ഷയെഴുതിയ 799 വിദ്യാര്‍ഥികളില്‍ 307 പേരും മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. 81 കുട്ടികള്‍ 9 വിഷയങ്ങള്‍ക്ക് എപ്ലസ് നേടി.

കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയിലും മിന്നുന്ന പ്രകടനമാണ് വിദ്യാലയം കാഴ്ചവെച്ചത്. 130 വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്. ഇതോടെ ജി വി എച്ച് എസ് എസ് മേപ്പയ്യൂര്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഏറ്റവും കൂടുല്‍ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാലയമായി മാറി.

മഹാമാരിക്കാലത്തിന്റെ പരിമിതികള്‍ മറികടക്കുന്ന വിധത്തില്‍ നടത്തിയ ചിട്ടയായ ആസൂത്രണമാണ് ഇത്തരമൊരു ചരിത്ര വിജയത്തിന് സ്‌കൂളിനെ പ്രാപ്തമാക്കിയത്. മികച്ച രീതിയില്‍ സംഘടിപ്പിച്ച പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളും ഉന്നത വിജയത്തിലേക്കു നയിച്ചു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്താനും മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനും നിരവധി പ്രവര്‍ത്തനങ്ങളാണ് സ്‌കൂള്‍ ആവിഷ്‌ക്കരിച്ചത്. വിജയോത്സവം,എ പ്ലസ് മിഷന്‍, എ പ്ലസ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, വിദഗ്ധ അധ്യാപകരുടെ ക്ലാസുകള്‍, ഗൃഹസന്ദര്‍ശനം, മോട്ടിവേഷന്‍ ക്ലാസുകള്‍, പ്രത്യേക പഠനസാമഗ്രികള്‍,നിരന്തമായ സ്വയം വിലയിരുത്തല്‍ എന്നിവ സ്‌കൂള്‍ സംഘടിപ്പിച്ചിരുന്നു.ഇതിലൂടെ 99.6 എന്ന റെക്കോര്‍ഡ് വിജയത്തിലേക്ക് സ്‌കൂളിനെ എത്തിച്ചു.

പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും നല്ലരീതിയിലുള്ള പിന്തുണയാണ് വിദ്യാലയം നല്‍കുന്നത്. കലാ-കായിക പ്രവൃത്തി പരിചയ വിദ്യാഭ്യാസത്തില്‍ മാതൃക പരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കോവിഡിന്റെ അടച്ചിടല്‍ കാലത്തു പോലും കാര്യക്ഷമമായി വിദ്യാലയത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള മത്സര പരീക്ഷകള്‍ക്കുമുള്ള പരീശീലനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ ഒരുക്കുന്നുണ്ട്. യു എസ് എസ്, എന്‍ എം എം എസ്, തുടങ്ങിയ പരീക്ഷകള്‍ക്ക് മികച്ച പരിശീലനം നല്‍കിയതിലുടെ സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വിദ്യാലയത്തിന് സാധിച്ചു.

മികച്ച വിജയം കൈവരിക്കുന്നതില്‍ വിദ്യാലയത്തിലെ എന്‍ സി സി, എസ് പി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജെ ആര്‍ സി, ലിറ്റില്‍ കൈറ്റ്‌സ്, വിവിധ വിഷയ ക്ലബ്ബുകള്‍, എന്നിവയുടെ പ്രവര്‍ത്തനങ്ങളും വളരെ മികച്ചതാണ്. കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ പി.ടി.എ ,എസ് എം.സി .എന്നീ സമിതികളും അധ്യാപകരുടെയും കൂട്ടായ പരിശ്രമമാണ് വിദ്യാലയത്തിന്റെ വിജയത്തിന് പിന്നില്‍.