കാലം സാക്ഷി, ചരിത്രം സാക്ഷി; സമരകാലം ഓർത്തെടുത്ത് പോരാളികൾ
കോഴിക്കോട്: സമര കലുഷിതമായ വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഓര്‍മ്മകള്‍ അയവറക്കി അവര്‍ വീണ്ടും ഒത്തുചേര്‍ന്നു. തീക്ഷ്ണമായ സമരപോരാട്ടങ്ങളിലൂടെ തങ്ങളുടെ വിദ്യാര്‍ത്ഥി കാലഘട്ടം അടയാളപ്പെടുത്തിയ എസ്എഫ്‌ഐയുടെ പഴയകാല പ്രവർത്തകരുടെ സംഗമമാണ് സമരോര്‍മയുടെ പുളകം തീര്‍ത്തത്. പൊരുതുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലയിലെ പഴയകാല നേതാക്കന്മാരുടെ സംഗമം കലുഷിതമായ സമരപോരാട്ടങ്ങളും അയവറിക്കുന്നതിനുള്ള വേദിയായി മാറി. 1971 മുതല്‍ ജില്ലയില്‍ പ്രവര്‍ത്തിച്ച നേതാക്കന്മാരുടെ സംഗമത്തിനാണ് കോഴിക്കോട് സാക്ഷ്യം വഹിച്ചത്.
കേരള കലാലയ രാഷ്ട്രീയത്തിന്റെ പ്രതിഛായ മാറിയ കാലഘട്ടമായിരുന്നു 1970. കേരളമാകെ അടക്കിവാണിരുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ താറുമാറാക്കി തൂവെള്ളകൊടി പാറിച്ചുകെണ്ട് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി അവര്‍ പോരാടി. അടിയന്തരാവസ്ഥ കാലത്ത് കൊടിയ പീഡനങ്ങളും മര്‍ദ്ധനങ്ങളും ഏറ്റുവാങ്ങിയവര്‍ തങ്ങളുടെ സംഘടനാ പ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ പോരാട്ടത്തിന്റെ ഇന്നലകളെ എല്ലാവരും നെഞ്ചിലേറ്റി.
ആദ്യം കായികമായും പിന്നീട് ആശയപരമായും എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പലതരത്തിലും ശ്രമിച്ചിരുന്നെങ്കിലും അതിനെയൊക്കെ അതിജീവിച്ചാണ് എസ്എഫ്‌ഐ ഇന്നും നിലകൊള്ളുന്നത്. കഴിഞ്ഞ അന്‍പത് വര്‍ഷക്കാലത്ത് അഭിമന്യു ഉള്‍പ്പെടെ നിരവധി പേരേയാണ് എസ്എഫ്‌ഐക്ക് നഷ്ടമായത്. ഇവരുടെ രക്തസാക്ഷിത്വത്തില്‍ നിന്നെല്ലാം ഊര്‍ജമുള്‍ക്കെണ്ടാണ് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിലകൊള്ളുന്നത്. നിരന്തരാക്രമണങ്ങളിലുടെ എസ്എഫ്‌ഐ തകര്‍ക്കാന്‍ പലരും ശ്രമിച്ചിരുന്നെങ്കിലും അതിനെയൊക്കെ ധീരമായി നേരിട്ടാണ് എസ്എഫ്‌ഐക്ക് പഠിക്കുന്നവരുടെ സംഘമായത്.
കാരപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന തലമുറകളുടെ സംഗമം എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ ജില്ല പ്രസിഡന്റ് ആര്‍.സിദ്ധാര്‍ത്ഥ് അദ്ധ്യക്ഷനായി. പ്രഥമ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സി പി അബൂബക്കര്‍, മുന്‍ സംസ്ഥാന സെക്രട്ടറി എ.പ്രദീപ്കുമാര്‍ എംഎല്‍എ, സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ്, മുന്‍ സംസ്ഥാന പ്‌സിഡന്റ് പുത്തലത്ത് ദിനേശന്‍, എസ്എഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.പി സുമതി, ധീര രക്തസാക്ഷി ജോബി ആന്‍ഡ്രൂസിന്റെ പിതാവ് സി. സി ആന്‍ഡ്രൂസ്, മാതാവ് മേരി ആന്‍ഡ്രൂസ്, ആദ്യ ജില്ല സെക്രട്ടറി അഡ്വ: ജയരാജ്, എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടിപി ബിനീഷ, എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി സതീദേവി തുടങ്ങിയവര്‍ സംസാരിച്ചു. 1971 മുതലുള്ള മറ്റു ജില്ല ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായി.
സംഗമത്തില്‍ ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ട്യം പ്രഖ്യാപിച്ച് പ്രമേയം അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. എസ്എഫ്‌ഐ ജില്ല സെക്രട്ടറി ടി.അതുല്‍
സ്വാഗതവും എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം എം സിനാന്‍ ഉമ്മര്‍ നന്ദിയും പറഞ്ഞു.