ചരടില്‍നിന്ന് കൂട്ടുകാര്‍ കൈവിട്ടു; പട്ടത്തോടൊപ്പം ആകാശത്ത് പറന്ന് യുവാവ്; ഒടുവില്‍ സംഭവിച്ചത് വീഡിയോ


ജാഫ്‌ന (ശ്രീലങ്ക): പട്ടം പറത്താന്‍ രസകരമായ വിനോദമാണ്. എന്നാല്‍ അത് ഭീതിപ്പെടുത്തുന്ന അനുഭവമായാലോ! ശ്രീലങ്കയില്‍ പട്ടം പറത്തല്‍ മത്സരത്തിനിടെയുണ്ടായ അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. പട്ടത്തോടൊപ്പം മത്സരാര്‍ഥിയും പറന്നതാണ് ഈ പട്ടം പറത്തലിനെ വൈറലാക്കിയത്.

ഡിസംബര്‍ 20നായിരുന്നു ഈ മത്സരം നടന്നത്. കൂട്ടുകാര്‍ പട്ടച്ചരടില്‍ നിന്നും കൈവിട്ടതോടെ യുവാവ് മുപ്പത് അടിയോളം ഉയരത്തില്‍ വായുവില്‍ പൊങ്ങി. ഭാഗ്യത്തിന് അയാള്‍ക്ക് സുരക്ഷിതമായി പരിക്കൊന്നും പറ്റാതെ താഴെ ഇറങ്ങാന്‍ കഴിഞ്ഞു.

ജാഫ്‌നയിലെ പോയന്റ് പെഡ്രോയില്‍ തൈപൊങ്കലിനോട് അനുബന്ധിച്ചാണ് പട്ടം പറത്തല്‍ മത്സരം സംഘടിപ്പിച്ചത്. തൈപൊങ്കല്‍കാലത്ത് പട്ടം പറത്തല്‍ ഇവിടുത്തെ പരമ്പരാഗത വിനോദമാണ്. ആഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തവും മനോഹരവുമായ പട്ടങ്ങള്‍ ഓരോ കുടുംബവും തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് ഒരു മത്സരാര്‍ഥിയുടെ ജീവന് തന്നെ ഭീഷണിയാകുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

ആറുപേരടങ്ങിയ സംഘം വലിയൊരു പട്ടം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ജൂട്ടിന്റെ കയറുകള്‍ കൊണ്ടായിരുന്നു പട്ടം കെട്ടിയിരുന്നത്. പട്ടം മുകളിലേക്ക് ഉയരവെ ഒരാളൊഴികെ മറ്റെല്ലാവരും കയറില്‍ നിന്നും പിടിവിട്ട് പട്ടം ഉയരാന്‍ വിട്ടു.

പട്ടം പെട്ടെന്ന് ഉയരാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു. നിമിഷങ്ങള്‍ക്കകം പട്ടത്തില്‍ പിടിയുണ്ടായിരുന്ന യുവാവ് മുപ്പത് അടി ഉയരത്തില്‍ വായുവില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്.

ഭീമന്‍ പട്ടം കൂടുതല്‍ മുകളിലേക്ക് പോകുന്നതിന് മുമ്പ് പിടിവിടൂവെന്ന് കൂട്ടുകാര്‍ ഉറക്കെ അലറാന്‍ തുടങ്ങി. ഒരുമിനിറ്റോളം ഇയാള്‍ തൂങ്ങിനില്‍ക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. അതിശയമെന്നുപറയട്ടെ, പിടിവിച്ച അദ്ദേഹം യാതൊരു പരിക്കുമില്ലാതെ താഴെ എത്തുകയും സുഹൃത്തുക്കള്‍ക്കൊപ്പം സാധാരണ നിലയില്‍ നടന്നുപോവുകയും ചെയ്തു.

വീഡിയോ: