ചങ്ങരോത്ത് – മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടത്താംകണ്ടി പാലം യാഥാർത്ഥ്യമാകുന്നു
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിനെയും നാദാപുരം മണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കുറ്റ്യാടി പുഴക്ക് കുറുകെ നിർമിക്കുന്ന തോട്ടത്താംകണ്ടി പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. 10 കോടി രൂപ ചെലവു വരുന്ന പാലത്തിന്റെ നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്തത്. ടി പി രാമകൃഷ്ണൻ എംഎൽഎ ഇടപെട്ടാണ് പാലത്തിന്റെ അംഗീകാരം നേടിയെടുത്തത്.
ഓപ്പൺ, പൈൽ ഫൗണ്ടേഷനോട് കൂടി കോൺക്രീറ്റ് തൂണുകൾക്ക് മുകളിൽ 26 മീറ്റർ നീളമുള്ള മൂന്ന് സ്പാനുകളും പാലേരി ഭാഗത്ത് 12.5 മീറ്ററും മരുതോങ്കര ഭാഗത്ത് 25.525 മീറ്ററും നീളത്തിൽ ലാൻഡ് സ്പാനുകളുമടക്കം 116.025 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശത്തും നടപ്പാതകളുമുണ്ടാകും. ഇരു വശങ്ങളിലും കരിങ്കൽ പാർശ്വഭിത്തിയോടുകൂടി ബി എം ആൻഡ് ബിസി ഉപരിതലമുള്ള അനുബന്ധ റോഡും നിർമിക്കും.
പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഗ്രാമീണ മേഖലകളായ മരുതോങ്കര, ചങ്ങരോത്ത് പഞ്ചായത്തുകളുടെ വികസനത്തിൻ വൻ തോതിലുള്ള മുന്നേറ്റത്തിനാണ് അവസരമൊരുങ്ങുന്നത്.