ചങ്ങരോത്ത് പഞ്ചായത്തില്‍ വിവാഹത്തിൽ പങ്കെടുത്ത 21 പേർക്ക് കോവിഡ്


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പതിമൂന്നാം വാർഡായ കല്ലൂർ മേഖലയിൽ കോവിഡ് വ്യാപിച്ചതോടെ പോലീസും ആരോഗ്യവകുപ്പ് അധികൃതരുംചേർന്ന് പ്രദേശം ഭാഗികമായി അടച്ചു. മലോൽക്കണ്ടിമുതൽ അടക്കത്തോടുവരെയുള്ള ഭാഗത്താണ് കർശനനിയന്ത്രണം ഏർപ്പെടുത്തിയത്.

പോലീസ് കാവലും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. വാർഡിൽ 25-ഓളം പേർക്ക് കോവിഡ് പോസിറ്റീവായിട്ടുണ്ട്. രണ്ടാംതീയതി നടന്ന വിവാഹത്തിൽ പങ്കെടുത്തവരിൽ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 67 പേർക്ക് നടത്തിയ പരിശോധനയിലാണ് കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചതായി കണ്ടത്.

ആരോഗ്യവകുപ്പ് അധികൃതർ ഇതിലുമധികം ആളുകളോട് പരിശോധന നടത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പലരും പരിശോധന നടത്താൻ വിമുഖതകാട്ടുകയായിരുന്നു. അടുത്ത ദിവസങ്ങളിലും കൂടുതൽ പരിശോധന നടത്തുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എ.ടി.പ്രമീള വ്യക്തമാക്കി. ചങ്ങരോത്ത് പഞ്ചായത്തിൽ 182 പേരാണ് നിലവിൽ കോവിഡ് പോസിറ്റീവായിട്ടുള്ളത്.