ചങ്ങരോത്തെ മാണിക്കാംകണ്ടി-മാവുള്ളകുന്ന് റോഡ് മഴപെയ്താല്‍ ചെളിക്കുളം; റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തം


പേരാമ്പ്ര: ഏറെക്കാലത്തെ മുറവിളിക്കൊടുവിലാണ് ചങ്ങരോത്തെ മാണിക്കാംകണ്ടി-മാവുള്ളകുന്ന് റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണപദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ച് 400 മീറ്റര്‍ ദൂരത്തിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ റോഡുപണി തുടങ്ങിയെങ്കിലും കോണ്‍ക്രീറ്റ് നടക്കാത്തതിനാല്‍ മണ്‍പാത ചെളിക്കുളമായി.

അതിനാല്‍ മഴപെയ്യുമ്പോള്‍ ഇതുവഴി യാത്രചെയ്യാന്‍ ഏറെ പ്രയാസം നേരിടുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡില്‍ രണ്ടിടത്താണ് കാര്യമായരീതിയില്‍ ചെളികെട്ടി നില്‍ക്കുന്നത്. ഇരുചക്രവാഹനയാത്രക്കാരാണ് ഇതുകാരണം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്.

മാവുള്ളകുന്ന്താഴഭാഗത്ത് റോഡില്‍ കലുങ്ക് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. റോഡിന്റെ കുറച്ചുഭാഗത്ത് അഴുക്കുചാല്‍ നിര്‍മാണവും നടന്നു. ഇനി റോഡിന്റെ നിരപ്പ് അടയാളപ്പെടുത്തിയശേഷം ക്വാറി വേസ്റ്റ് ഇടലും കോണ്‍ക്രീറ്റിങ്ങും നടക്കണം. തുടര്‍ച്ചയായുള്ള മഴനിന്നാല്‍ എത്രയും പെട്ടെന്ന് റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നാണ് അധികാരികള്‍ വ്യക്തമാക്കുന്നത്.