ചങ്ങരോത്തെ കൃഷി രീതികളെ കുറിച്ച് പഠിക്കാനായി തിക്കോടിയില്‍ നിന്ന് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി


പേരാമ്പ്ര: തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന കാര്‍ഷിക പദ്ധതിയെ കുറിച്ചും കാര്‍ഷിക യന്ത്രങ്ങളെ കുറിച്ചും പഠിക്കുന്നതിനായി തിക്കോടി പഞ്ചായത്തില്‍ നിന്നുള്ള സംഘം ചങ്ങരോത്തെ നെല്‍പാടങ്ങളില്‍ സന്ദര്‍ശനം നടത്തി. ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയും ചങ്ങരോത്ത് പഞ്ചായത്തിന്റെ നിറവ് പദ്ധതിയും സംയോജിപ്പിച്ച് തരിശായിക്കിടക്കുന്ന 432ഏക്കറില്‍ നെല്‍ക്കൃഷി പുനരാരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനെ കുറിച്ചറിയാനാണ് സംഘമെത്തിയത്.

തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. തിക്കോടി പഞ്ചായത്തിലെ പുറക്കാട് നടയകം പാടശേഖരത്തില്‍ ചങ്ങരോത്ത് പഞ്ചായത്തിനെ മാതൃകയാക്കി കൃഷിയോഗ്യമാക്കാനാണ് യാത്രയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പറഞ്ഞു. എ.കെ. ശ്രീധരന്‍ പഠന സംഘത്തിന് ചങ്ങരോത്ത് വയലിന്റെ കാര്‍ഷിക ചരിത്രവും സാമൂഹ്യ പാശ്ചാത്തലത്തെക്കുറിച്ചും വിശദീകരിച്ചു.

പഠന സംഘത്തെ സ്വീകരിക്കാനും അവര്‍ക്കാവശ്യമായ സജ്ജീകരണങ്ങളുമായി ചങ്ങരോത്ത് പ്രതിനിധികള്‍ പാടശേഖരത്തുണ്ടായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്കൊപ്പം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. അരവിന്ദാക്ഷന്‍, കതിരണി – നിറവ് പദ്ധതി കണ്‍വീനര്‍ പി.സി. സന്തോഷ്, കൃഷി ഓഫീസര്‍ പി.കെ. ജിജീഷ, പഞ്ചായത്ത് അംഗം കെ.ടി മൊയ്തി എന്നിവരുമുണ്ടായിരുന്നു.

തിക്കോടിയില്‍ നിന്നെത്തിയ സംഘത്തില്‍ കൃഷി ഓഫീസര്‍ ഡോണ, തിക്കോടി പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, പാടശേഖര സമിതി ഭാരവാഹികളായ ബിജു കൊലപ്പാടി, സുരേഷ് കാരാവള്ളി, കെ. സുകുമാരന്‍, എ. നാരായണന്‍, എന്‍.കെ. അബ്ദുള്‍ സമദ്, എന്‍.കെ.രൂപേഷ് എന്നിവരുമുണ്ടായിരുന്നു.