ചക്കിട്ടപ്പാറ മുതുകാട് മേഖലയിലെ മാവോയിസ്റ്റ് ഭീഷണി തടയണം: ടി പി രാമകൃഷ്ണൻ


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് മേഖലയിൽ മാവോയിസ്റ്റ് കടന്നാക്രമണം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ടി പി രാമകൃഷ്ണൻ എംഎൽഎ സർക്കാരിനോടാവശ്യപ്പെട്ടു. പ്ലാന്റേഷൻ കോർപറേഷന്റെ മുതുകാട്ടിലുള്ള പേരാമ്പ്ര എസ്റ്റേറ്റിന്റെ നാലാം ബ്ലോക്കിൽ കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ആയുധധാരികളായ സ്ത്രീ ഉൾപ്പെടെയുള്ള മൂന്ന് മാവോയിസ്റ്റുകൾ രാത്രിയിൽ ആനിക്കാട്ട് തോമസ്, ഉള്ളാട്ടിൽ ചാക്കോ എന്നിവരുടെ വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഇവർ ഭക്ഷണസാധനങ്ങൾ കൈക്കലാക്കുകയും ലാപ് ടോപ്പ്, മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ എന്നിവ ചാർജ് ചെയ്യുകയുമുണ്ടായി. വീട്ടുകാരെ ബന്ദികളാക്കിഏറെ സമയം വീടുകളിൽ തങ്ങിയ സംഘം രണ്ടിടത്തും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ചക്കിട്ടപാറ പഞ്ചായത്തിനുമെതിരായ പോസ്റ്ററുകൾ വിതരണം ചെയ്തിരുന്നു.

രണ്ടു വീട്ടുകാരോടും പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിലിനെതിരായ ഭീഷണി ആവർത്തിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ ഇവിടെയുള്ള കടയിൽ നിന്ന് ബലമായി ഭക്ഷ്യസാധനങ്ങൾ തട്ടിയെടുക്കുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ മുതുകാട് പ്രദേശത്തെ ജനങ്ങൾ ഭയപ്പാടിലാണ്. ഭീഷണി അവസാനിപ്പിക്കാൻ കർശന നടപടി സ്വീകരിക്കണം.

മാവോയിസ്റ്റുകളുടെ അതിക്രമം നടന്ന ചാക്കോയുടെയും തോമസിന്റെയും വീടുകളിലെത്തിയ എംഎൽഎ വിവരങ്ങൾ ശേഖരിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിൽ, സിപിഐ എം മുതുകാട് ലോക്കൽ സെക്രട്ടറി പി സി സുരാജൻ എന്നിവരും ഉണ്ടായി.