ചക്കിട്ടപ്പാറ മുതുകാട്ടിലെ മാറ്റൊരു വീട്ടിലും കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ എത്തി; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട്ടിലെ മറ്റൊരു വീട്ടിലും കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ വന്നിരുന്നതായി വിവരം. മുതുകാട് നാലാം ബ്ലോക്കില്‍ പയ്യാന കോട്ട ദേവി ക്ഷേത്രത്തിന് സമീപം തോമസ്സിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ എത്തിയിരുന്നതായാണ് വിവരം ലഭിച്ചത്.
ഉള്ളാട്ടില്‍ ചാക്കോയുടെ വീട്ടില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയതിന്റെ തലേ ദിവസമാണ് ഇവര്‍ തോമസ്സിന്റെ വീട്ടില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. വൈകിട്ട് ഏഴു മണിയോടെയാണ് സംഘം എത്തിയത്.
ചാക്കോയുടെ വീട്ടില്‍ എത്തിയ അതേ സംഘമാണ് ഇവിടെയും വന്നതെന്നാണ് സൂചന. തോമസിന്റെ വീട്ടിലെത്തിയത് ഒരു സ്ത്രീയും, രണ്ട് പുരുഷന്മാരും ഉള്‍പ്പെടുന്ന മൂന്നംഗ സംഘമാണ്.
വൈകീട്ട് ഏഴ് മണിയോടെ വിട്ടിലെത്തിയ ഇവര്‍ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, പവര്‍ ബാങ്ക് എന്നിവ ചാര്‍ജ് ചെയ്യുകയും ഭക്ഷണസാധനങ്ങള്‍ ആവിശ്യപ്പെടുകയും ചെയ്തു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റായ കെ.സുനിലിനെ അപായപ്പെടുത്തുമെന്നും ഇവര്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇവര്‍ ഇക്കാര്യം തന്നോട് പറയുമ്പോഴാണ് സംഭവം പുറത്തറിയുന്നതെന്നും കെ സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പേരാമ്പ്ര ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പ്രസിഡന്റ് പറഞ്ഞു.
വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴി പൊലിസ് ഇന്‍സ്പക്ടര്‍ കെ. ഷാജിബിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും കേസെടുക്കുകയും ചെയ്തു.