ചക്കിട്ടപ്പാറ ഇനി സമ്പൂര്‍ണ വൈഫൈ പഞ്ചായത്ത്; ‘സമഗ്രം’പദ്ധതി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: സമഗ്രം പദ്ധതിയിലൂടെ സമ്പൂര്‍ണ വൈഫൈ പഞ്ചായത്തായി ചക്കിട്ടപ്പാറ. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത മേഖലകളില്‍ കേബിള്‍ വലിച്ചും, ഡിജിറ്റല്‍ പഠനോപകരണങ്ങളില്ലാത്തവര്‍ക്ക് അത് ഉറപ്പുവരുത്തിയുമാണ് ഇത്തരമെരു നേട്ടം പഞ്ചായത്ത് സ്വന്തമാക്കിയത്. ടി.പി രാമകൃഷ്ണന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ലാപ്‌ടോപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും സമ്പൂര്‍ണ വൈഫൈ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവും നിര്‍വഹിച്ചു.
ആധുനിക പഠന സൗകര്യമില്ലാതിരുന്ന 189 വിദ്യാര്‍ഥികള്‍ക്കാണ് പുതുതായി ഡിജിറ്റല്‍ സൗകര്യം ഒരുങ്ങുന്നത്. ഭരണസമിതി ജനങ്ങളില്‍ നിന്ന് 15.5 ലക്ഷം രൂപ സമാഹരിച്ചു. പഞ്ചായത്തിലെ അയ്യായിരത്തോളം വീടുകളില്‍നിന്ന് 1500 സന്നദ്ധ വളന്റിയര്‍മാര്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് 2.5 ലക്ഷം രൂപ കണ്ടെത്തി.പുതുതായി 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കേബിള്‍ വലിച്ചാണ് ട്രൈബല്‍ കോളനികളിലടക്കം ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യമെത്തിച്ചത്.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരിജാ ശശി, കെ.എ ജോസ് കുട്ടി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീന നാരായണന്‍, പി.പി രഘുനാഥ് (പ്രസിഡന്റ്, ചക്കിട്ടപ്പാറ സര്‍വീസ് സഹകരണ ബാങ്ക്) ത്രേസ്യാമ്മ (പ്രസിഡന്റ്, വനിതാ സഹകരണ സംഘം ചക്കിട്ടപ്പാറ) പള്ളുരുത്തി ജോസഫ്, ജെയിംസ് മാത്യു, ഹമീദ് അവള, വി.വി കുഞ്ഞിക്കണ്ണന്‍, ജോസഫ് അമ്പാട്ട്, ബിജു ചെറുവത്തൂര്‍, രാജീവ് തോമസ്, പത്മനാഭന്‍.പി കടിയങ്ങാട്, രാജന്‍ വര്‍ക്കി, AE0 അഷറഫ്, YRC കോർഡിനേറ്റർ: നിദ ടീച്ചർ, ജിതേഷ് മുതുക്കാട്, ബേബി കാപ്പുകാട്ടിൽ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് സ്വാഗതവും ഷിബു മാസ്റ്റർ നന്ദിയും പറഞ്ഞു.