ചക്കിട്ടപ്പാറയില്‍ ബോധപൂര്‍വ്വം വാക്‌സിനെടുക്കാത്തവരായി 146 പേര്‍: ഉടന്‍ വാക്‌സിനെടുത്തില്ലെങ്കില്‍ നിയമനടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ്
പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും വാക്‌സിനെടുക്കാതെ കഴിയുന്ന 146 പേരുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു. വാക്‌സിനുമായി സഹകരിച്ചില്ലെങ്കില്‍ പൊതുആരോഗ്യപ്രശ്‌നം എന്ന നിലയില്‍ നിയമപരമായ വഴികള്‍ ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. പഞ്ചായത്തിലെ ആര്‍.ആര്‍.ടി വളണ്ടിയര്‍മാരുടെ യോഗം കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
514 പേരാണ് പഞ്ചായത്തിലെ പ്രായപൂര്‍ത്തിയായവരില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാകാത്തവരായുള്ളത്. ഇതില്‍ 314 ആളുകള്‍ കോവിഡ് രോഗം വന്ന് 90 ദിവസം പൂര്‍ത്തിയാകാത്തവരാണ്. അഞ്ചുമാസം തികയാത്ത ഗര്‍ഭിണികള്‍, പ്രസവിച്ച് മൂന്നുമാസം തികയാത്ത അമ്മമാര്‍, അലര്‍ജി പോലുള്ള രോഗങ്ങളുള്ളതുകൊണ്ട് വാക്‌സിന്‍ എടുക്കേണ്ടെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചവരും ഒഴിച്ചാല്‍ 146 പേരാണ് ബോധപൂര്‍വ്വം വാക്‌സിനെടുക്കാതിരിക്കുന്നതെന്ന് കെ. സുനില്‍ അറിയിച്ചു.
ഇവര്‍ എട്ടാം തിയ്യതിയ്ക്കുള്ളില്‍ വാക്‌സിനേഷന്‍ പരിപാടികളുമായി സഹകരിക്കണമെന്നും പതിമൂന്നാം തിയ്യതി സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനെട്ടു വയസിനു മുകളില്‍ വരുന്ന 16300 പേരാണ് ചക്കിട്ടപ്പാറയിലുള്ളത്. ഇതില്‍ രണ്ടാമത്തെ ഡോസ് എടുക്കാത്ത 4585 ആളുകളുണ്ട്. ഇവരുടെ വീടുകള്‍ കയറി വാക്‌സിന്‍ എടുക്കേണ്ട തിയ്യതി ശേഖരിക്കാന്‍ ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനുശേഷം വാര്‍ഡ് മെമ്പര്‍ക്ക് ഈ വിവരങ്ങള്‍ കൈമാറുകയും ഒക്ടോബര്‍ 30 ആകുമ്പോഴേക്കും ഡേറ്റായ മുഴുവന്‍ ആളുകളുടെയും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.