ചക്കിട്ടപാറയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകുന്നവര്‍ റിസള്‍ട്ട് വരുന്നത് വരെ നിര്‍ബന്ധമായും റൂം ക്വാറന്റയിനില്‍ പോകണം, വിശദമായി പരിശോധിക്കാം പഞ്ചായത്തിലെ മറ്റ് നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന്
ചക്കിട്ടപാറ: ചക്കിട്ടപാറയില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി പഞ്ചായത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ഇനി മുതല്‍ പഞ്ചായത്തില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുന്ന മുഴുവന്‍ ആളുകളും, പ്രത്യേകിച്ച് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നവര്‍ റിസള്‍ട്ട് വരുന്നത് വരെ നിര്‍ബന്ധമായും റൂം ക്വാറന്റയിനില്‍ പോകേണ്ടതാണ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു. പഞ്ചായത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 74 ല്‍ നിന്ന് 250ന് മുകളിലേക്ക് ഉയര്‍ന്ന സാഹചര്യത്താലാണ് നടപടി.
രോഗവ്യാപനത്തിന് തോത് ശക്തമായി വര്‍ദ്ധിക്കാനിടയാക്കിയ കാരണത്തെക്കുറിച്ച് പഞ്ചായത്ത് അന്വേഷിച്ചിരുന്നു. ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത് ഫലം വരുന്നതിന് മുമ്പ് പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായി ആള്‍ക്കൂട്ടത്തിലേക്കാണ് പോകുന്നത്. പിറ്റേ ദിവസം വൈകിട്ട് റിസള്‍ട്ട് വരുമ്പോള്‍ പോസിറ്റീവ് ആണെന്ന് അറിയുമ്പോള്‍ മാത്രമാണ് ഇവര്‍ ക്വാറന്റയിനില്‍ പോകുന്നത്. ഇത് വലിയ തോതില്‍ രോഗവ്യാപനത്തിന് കാരണമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാകുന്നവര്‍ നിര്‍ബന്ധമായും റൂം ക്വാറന്റയിനില്‍ പോകേണ്ടതാണ്. റിസള്‍ട്ട് വരുന്നതുവരെ അവര്‍ മറ്റുള്ളവരുമായി ഒരുതരത്തിലുള്ള സമ്പര്‍ക്കത്തിലും ഏര്‍പ്പെടാന്‍ പാടുള്ളതല്ല.
കൊവിഡ് പരിശോധനയ്ക്ക് എത്തുന്ന ആളുകളെ കുറിച്ചുള്ള കൃത്യമായ വിവരം പരിശോധന കേന്ദ്രങ്ങളില്‍ നിന്നും വാര്‍ഡ് ആര്‍ ആര്‍ ടി വളണ്ടിയര്‍മാര്‍ക്ക് കൈമാറേണ്ടതാണ്. വളണ്ടിയര്‍മാര്‍ ഇവര്‍ റൂം ക്വാറന്റയിനില്‍ തന്നെയാണ് നില്‍ക്കുന്നതെന്ന കാര്യം ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചായത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഡി.സി.സിയിലെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഡി.സി.സിയില്‍ അന്‍പതിലധികം രോഗികളാണ് നിലവിലുള്ളത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേരാണ് ഡി.സി.സിയിലേക്ക് ഇപ്പോളെത്തുന്നത്. രോഗികള്‍ കൂടിയാലും അവരെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ ഭക്ഷണം, കിടക്ക തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഡി.സിസിയില്‍ സജ്ജീകരണങ്ങളും ഡി.സി.സിയില്‍ ഒരുക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ എല്ലാ മേഖലകളിലും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും ആവശ്യമാണെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. അതിനാല്‍ കല്ല്യാണം, മരണം, പൊതുപരിപാടികള്‍ തുടങ്ങിയ എല്ലാ ആഘോഷപരിപാടികളും എത്ര ലളിതമാണെങ്കിലും ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവാദം വാങ്ങിക്കേണ്ടതാണ്. ചടങ്ങു നടക്കുന്ന വീടുകളില്‍ വെക്കുന്ന നോട്ട്ബുക്കില്‍ സെക്ടറില്‍ മജിസ്‌ട്രേറ്റ് കൗണ്ടര്‍ സൈന്‍ ചെയ്യേണ്ടതാണ്. അവിടെ നിരീക്ഷകരായി രണ്ട് ആര്‍ ആര്‍ ടി മെമ്പര്‍മാര്‍ ഉണ്ടാകണമെന്നും, കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടാണ് പരിപാടികള്‍ നടത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കോര്‍ കമ്മിറ്റി യോഗത്തിലെ മറ്റു തീരുമാനങ്ങള്‍
- ബാങ്കുകളില്‍ സേവനത്തിനായി എത്തുന്നവര്‍ ബാങ്കിന് പുറത്ത് കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യമുണ്ടാവാന്‍ പാടില്ല. അതിനാല്‍ ബാങ്കുകളില്‍ എത്തുന്ന ആളുകള്‍ക്ക് സാമൂഹിക അകലം പാലിച്ചു കൊണ്ട് ഇരിക്കാനും നില്‍ക്കാനുമുള്ള സൗകര്യങ്ങള്‍ അതത് ബാങ്കുകള്‍ ഒരുക്കേണ്ടതാണ്.
- ടാക്‌സി സ്റ്റാന്റുകളില്‍ ഒരേ സമയം പരമാവധി മൂന്ന് ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടാം. എന്നാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ കൂടിച്ചേര്‍ന്ന് നില്‍ക്കാന്‍ പാടുള്ളതല്ല.
- കച്ചവട സ്ഥാപനങ്ങള്‍ക്ക് രണ്ടുമണിവരെയാണ് പ്രവര്‍ത്തന സമയം. എല്ലാ സ്ഥാപനങ്ങളും രണ്ടു മണിക്ക് തന്നെ അടയ്ക്കുന്നുണ്ട് എന്ന കാര്യം ഉറപ്പുവരുത്തേണ്ടതാണ്.
- സെക്ടറല്‍ മജിസ്‌ട്രേറ്റിനൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥനെ കൂടെ നിയോഗിക്കാന്‍ തീരുമാനിച്ചു.
- കൊവിഡ് വ്യാപനത്തിന്റെ മറവില്‍ സാമൂഹികവിരുദ്ധ സംഘടനകള്‍ അഴിഞ്ഞാടുന്നുണ്ട്. ഇതിനെതിരെ ആര്‍ ആര്‍ ആര്‍ ടി വളണ്ടിയര്‍മാര്‍ മുന്‍കൈയ്യെടുത്ത് പോലീസ് സഹായത്തോടെ മദ്യ-മയക്കുമരുന്ന് വില്പന നിരോധിക്കാന്‍ എല്ലാ മേഖലകളിലും എല്ലാതരത്തിലും പ്രതിരോധിക്കാന്‍ ആവശ്യമായ ക്യാംപെയിന്‍ വാര്‍ഡ് തലത്തിലുള്ള ആര്‍ ആര്‍ ടിമാര്‍് ഉയര്‍ത്തണമെന്നും തീരുമാനിച്ചു.