ചക്കിട്ടപ്പാറയില്‍ കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു; കൊവിഡ് പോസിറ്റീവാകുന്ന എല്ലാവരെയും ഡി.സി.സിയിലേക്ക് മാറ്റും -പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
ചക്കിട്ടപ്പാറ: കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ചക്കിട്ടപ്പാറ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. കഴിഞ്ഞ ഒരാഴ്ചക്കിടെ 100 ല്‍ അധികം ആളുകള്‍ക്കാണ് പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാനദണ്ഡ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് പഞ്ചായത്തില്‍ നടപ്പിലാക്കുകയെന്ന് പ്രസിഡന്റ് പറഞ്ഞു.
നിലവില്‍ 170 ന് മുകളില്‍ ആളുകളാണ് പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായിട്ടുള്ളത്. ഇവരില്‍ 100 ന് മുകളില്‍ ആളുകള്‍ക്ക് കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കുടുല്‍ പേര്‍ക്കും വീടുകളില്‍ നിന്നാണ് രോഗം പിടിപെട്ടതെന്ന് പ്രസിഡന്റ് പറഞ്ഞു. അതിനാല്‍ ഇനി മുതല്‍ പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ആരെയും വീടുകളില്‍ ക്വാറന്റയിനില്‍ നില്‍ക്കാന്‍ അനുവദിക്കില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
രോഗം സ്ഥിരീകരിക്കുന്ന എല്ലാവരെയും ഡി.സി.സിയിലേക്ക് മാറ്റും. ഒരേ സമയം നൂറ് പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ളതാണ് നിലവിലെ ഡി.സി.സി. പഞ്ചായത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പുതിയ ഡി.സി.സി പ്രവര്‍ത്തനം ആരംഭിക്കുമെന്നും പ്രഡിഡന്റ് പറഞ്ഞു.
കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്നവരെ ക്വാറന്റയിന്‍ കെയര്‍ സെന്ററിലേക്ക് മാറ്റും. ആരെയും വീടുകളില്‍ ക്വാറന്റയിനില്‍ നില്‍ക്കാന്‍ അനുവദിക്കില്ല. വീടുകളില്‍ നിന്നും കൂടുതല്‍ ആളുകളിലേക്ക് രോഗം പകരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.
കൊവിഡിന്റെ ആദ്യഘട്ടത്തില്‍ 116 രോഗികള്‍ മാത്രമാണ് പഞ്ചായത്തിലുണ്ടായിരുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തിലിത് 1800 ആയി ഉയര്‍ന്നു. വീടുകളില്‍ നിന്നാണ് കുടുതല്‍ ആളുകള്‍ക്കും കൊവിഡ് വ്യാപിക്കുന്നത്. ഒമ്പത് പേര്‍ക്കാണ് ചക്കിട്ടപ്പാറയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്.
പഞ്ചായത്തിലെ കടകളില്‍ ജോലി ചെയ്യുന്നവരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. നിയന്ത്രണം ലംഘിച്ച് കടകളിലും മറ്റും ജോലി ചെയ്താല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. സര്‍ട്ടിഫിക്കേറ്റ് ലഭ്യത ഉറപ്പുവരുത്താന്‍ വാര്‍ഡ് ആര്‍.ആര്‍.ടിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഐസോലഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമിനെ പഞ്ചായത്തില്‍ നിയോഗിക്കും. പൊതുസ്ഥലങ്ങളിലെ ആള്‍ക്കുട്ടം നിയന്ത്രിക്കുന്നതിനും കൊവിഡ് രോഗികളെ ഡി.സി.സിയിലേക്ക് മാറ്റുതിനും ആര്‍.ആര്‍.ടി മെമ്പര്‍മാരെ സഹായിക്കുക എന്നത് ഈ ടീമിന്റെ ഡ്യൂട്ടിയാണ്.