ചക്കിട്ടപ്പാറയില്‍ കാട്ടാന ശല്യം തുടരുന്നു; ദുരിതത്തിലായി കര്‍ഷകര്‍
പോരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ചെമ്പനോടയില്‍ ദിവസങ്ങളായുള്ള കാട്ടാന ശല്യം തുടരുന്നു. ഇന്നലെ കൊറത്തിപ്പാറ ഒഴുകയില്‍മുക്കിലെ പെരുവേലില്‍ ദേവസ്യയുടെ വാഴക്കൃഷി കാട്ടാന നശിപ്പിച്ചു. കാട്ടാന ഭീതി തുടരുന്നതിനാല്‍ ജനങ്ങള്‍ രാത്രി ഭീതിയിലാണ്. വീട്ടുമുറ്റത്ത് എത്തുന്ന കാട്ടാനകള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. വനം വകുപ്പ് അധികൃതര്‍ അടിയന്തര നടപടി എടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ചെമ്പനോട ആലമ്പാറ മേഖലില്‍ കാട്ടാന കൂട്ടം ഇറങ്ങി വാഴകൃഷി നശിപ്പിച്ചിരുന്നു. ആലമ്പാറ പാലറ ലില്ലിയുടെ വാഴത്തോട്ടമാണ് കാട്ടാന കൂട്ടം പൂര്‍ണ്ണമായി നശിപ്പിച്ചത്. രാപ്പകലില്ലാതെ അധ്വാനിച്ചാണ് കര്‍ഷകര്‍ ഇവിടെ കൃഷി ഇറക്കുന്നത്. എന്നാല്‍ രാത്രി എത്തുന്ന കാട്ടാന കൂട്ടം ചവിട്ടിമെതിക്കുന്നത് കര്‍ഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്.
കഴിഞ്ഞ ദിവസം ടി.പി രാമകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രദിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. ചക്കിട്ടപ്പാറ മേഖലയിലെ കാട്ടുമൃഗ ശല്യം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ കൈകൊള്ളണമെന്നാണ് കര്‍ഷകരുടെ ആവശ്യം.