ചക്കിട്ടപ്പാറയില്‍ ആദ്യഡോസ് പൂര്‍ത്തിയാക്കാത്തത് 500 ലധികം പേര്‍: ബോധപൂര്‍വ്വമായി വാക്‌സിനെടുക്കാത്ത മുഴുവന്‍ പേരുടെയും ലിസ്റ്റ് തയ്യാറാക്കാന്‍ പഞ്ചായത്ത് നിര്‍ദേശം


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ആദ്യ ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കാത്ത അഞ്ഞുറൂലിധികം പേരുണ്ടെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍. ഇവരുടെ ലിസ്റ്റ് തയ്യാറാക്കി ഒക്ടോബര്‍ മൂന്നാം തിയ്യതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍.ആര്‍.ടി വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ബുധനാഴ്ച നടന്ന കോര്‍കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമായും മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് ആളുകള്‍ വാക്‌സിനെടുക്കാത്തത്. അതില്‍ വലിയൊരു വിഭാഗം ഈയടുത്ത് കോവിഡ് വന്നവരാണ്. രണ്ടാമതായി ആരോഗ്യകരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് വാക്‌സിനെടുക്കാന്‍ സാധിക്കാത്തവരാണ്. എന്നാല്‍ ബോധപൂര്‍വ്വം വാക്‌സിനെടുക്കാത്തവരാണ് മൂന്നാമത്തെ വിഭാഗം. ഇത്തരം ആളുകളെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കാന്‍ ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചുു.

13ാം തിയ്യതി സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രഖ്യാപനം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി മൂന്നാം തിയ്യതി നടക്കുന്ന ആര്‍.ആര്‍.ടി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും പങ്കെടുക്കും. ഈ യോഗത്തില്‍ എല്ലാ ആര്‍.ആര്‍.ടി വളണ്ടിയര്‍മാരും പങ്കെടുക്കണമെന്നും ഓരോ ക്ലസ്റ്ററുകളുടെയും വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം അറിയിച്ചു. നാലു ദിവസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.