ചക്കിട്ടപ്പാറയില്‍ അതീവ ജാഗ്രത: ആറ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചായത്ത്, വിശദമായി നോക്കാം കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്ന്



ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ കൂടിയതിനെ തൂടര്‍ന്ന് പഞ്ചായത്തിലെ ആറ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി കലക്ടര്‍ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ വാര്‍ഡ് 5, 10, 11, 12, 14, 15 എന്നിവയാണ് കണ്ടെയിന്‍മെന്റ് സോണുകള്‍. ഈ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

കണ്ടെയിന്‍മെന്റ് സോണുകളില്‍ അവശ്യ സര്‍വ്വീസൊഴികെ മറ്റൊന്നും അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തിരുമാനം. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തും.

കണ്ടെയിന്‍മെന്റ് സോണായ പത്താം വാര്‍ഡ് അണ്ണക്കൊട്ടന്‍ചാലില്‍ നിലവില്‍ 25 രോഗികളാണുള്ളത്. പതിനൊന്നാം വാര്‍ഡായ പെരുവണ്ണാമൂഴിയില്‍ 13 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

പന്ത്രണ്ടാം വാര്‍ഡായ ചക്കിട്ടപ്പാറയില്‍ പതിനഞ്ചിന് മുകളിലാണ് രോഗികളുടെ എണ്ണം. 16 കൊവിഡ് രോഗികളാണ് വാര്‍ഡിലുള്ളത്. പതിനാലാം വാര്‍ഡിലിത് 20 ആണ്. ചക്കിട്ടപ്പാറ പഞ്ചായത്തില്‍ കൂടുതല്‍ രോഗികള്‍ പതിനഞ്ചാം വാര്‍ഡിലാണ്. പിള്ളപെരുവണ്ണയില്‍ 27 കൊവിഡ് ബാധിതരാണുള്ളത്. പഞ്ചായത്തില്‍ ആകെ 200ന് മുകളില്‍ ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

പഞ്ചായത്തിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിലവില്‍ വന്ന നിയന്ത്രണങ്ങള്‍:

  • അവശ്യസര്‍വ്വീസുകളുടെ കടകള്‍ക്ക് രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം.
  • മെഡിക്കല്‍ ഷോപ്പ്, ഫാര്‍മസികള്‍ എന്നിവ മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.
  • ഹോട്ടലുകള്‍ രാവിലെ 8 മണി മുതല്‍ വൈകീട്ട് 8 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വ്വീസ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
  • നാഷണലൈസ്ഡ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയ്ക്ക് പരമാവധി 50 ശതമാനം ജീവനക്കാരെ വച്ച് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
  • കണ്ടെയിന്‍മെന്റ് സോണില്‍ രാത്രി 7 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയുള്ള യാത്രകള്‍ പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രം അനുമതി.
  • കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ അവശ്യ വസ്തുക്കള്‍ വാങ്ങാനും അടിയന്തര വൈദ്യസഹായത്തിനും മാത്രമേ വീടിന് പുറത്ത് സഞ്ചരിക്കാന്‍ പാടുള്ളൂ. ഈ രണ്ടു കാര്യങ്ങള്‍ക്കും വാര്‍ഡ് ആര്‍.ആര്‍.ടിമാരെയോ പഞ്ചായത്തിനെയോ സമീപിക്കാവുന്നതാണ്.
  • പുറത്തു നിന്നുള്ളവര്‍ക്ക് കണ്ടെയിന്‍മെന്റ് സോണുകളായ വാര്‍ഡുകളിലേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
  • കണ്ടെയിന്‍മെന്റ് സോണുകളായ വാര്‍ഡുകളിലേക്കുള്ള പ്രധാന റോഡുകള്‍ ഒഴികയുള്ള പോക്കറ്റ് റോഡുകളിലൂടെ വാഹന ഗതാഗതം തടസ്സപ്പെടുത്തണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം അതത് വാര്‍ഡ് സമിതികള്‍ക്ക് കൈക്കോള്ളാവുന്നതാണ്. പോക്കറ്റ് റോഡുകള്‍ അടയ്ക്കണോ അല്ലെങ്കില്‍ ആര്‍.ആര്‍.ടി മാരെ വച്ച് പരിശോധന നടത്തി ഗതാതഗം അനുവദിക്കണമോയെന്ന് വാര്‍ഡു സമിതികള്‍ക്ക് തീരുമാനിക്കാം.
  • ചക്കിട്ടപ്പാറ ടൗണിലെ പൊതുഗതാഗതം, അനാവശ്യമായി ടൗണിലേക്കുള്ള പ്രവേശനം, അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ എന്നിവരെ നാളെ മുതല്‍ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കും.
  • കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫീസുകള്‍, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസ്, ട്രഷറി, വാട്ടര്‍ അതോറിറ്റി ഓഫീസ്, പാല്‍ സംഭരണ വിതരണം, പാചക വാതക വിതരണം,പൊതുവിതരണ വകുപ്പ്, എടിഎം, അക്ഷയ സെന്ററുകള്‍, എന്നിവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
  • ദുരന്തനിവാര പ്രവര്‍ത്തികള്‍ തടസമില്ലാതെ നടക്കുന്നതിനായി ജില്ലാ നിര്‍മ്മിതി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍ വകുപ്പ് എന്നിവയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കുന്നു. ഈ വകുപ്പുകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് പോലീസ് മറ്റു പരിശോധന ഉദ്യോഗസ്ഥര്‍ എന്നിവരെ കാണിച്ച് അനുമതി വാങ്ങേണ്ടതുമാണ്.
  • നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിലച്ചുപോവാതിരിക്കാന്‍ അനുമതി നല്‍കുന്ന ജീവനക്കാര്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ സൂക്ഷിക്കേണ്ടതും പരിശോധന വിഭാഗത്തെ കാണിച്ച് അവരെ ബോധ്യപ്പെടുത്തേണ്ടതുമാണ്.
  • കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടുള്ളതല്ല.