ചക്കിട്ടപ്പാറയിലെ മാവോയിസ്റ്റ് സാന്നിധ്യം: സുരക്ഷ ശക്തമാക്കുമെന്ന് കെ. സുനില്‍


പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ തുടര്‍ച്ചയായ മാവോയിസ്റ്റ് സാന്നിധ്യം ഗൗരവമായി കാണണമെന്നും സുരക്ഷ ശക്തിപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍. നിരന്തരമായ മാവോയിസ്റ്റ് ഇടപെടലുകള്‍ ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും, മാവോയിസ്റ്റുകളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്നും കെ.സുനിലില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് മുതുകാട് പേരാമ്പ്ര എസ്റ്റേറ്റില്‍ മാവോയിസ്റ്റുകള്‍ എത്തിയത്. അഞ്ച് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം എസ്റ്റേറ്റില്‍ എത്തി. പേരാമ്പ്ര എസ്റ്റേറ്റ് മാനേജര്‍ക്ക് ലഘുലേഖകള്‍ കൈമാറുകയും ഓഫീസിന് മുന്‍വശം പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തതായി ജീവനക്കാര്‍ പറഞ്ഞു.

ഫണ്ട് ആവശ്യപ്പെട്ട സംഘം മാനേജര്‍ ഫണ്ട് നല്‍കാന്‍ വിസമ്മതിച്ചതോടെ അരിവേണമെന്നാവശ്യപ്പെടുകയായിരുന്നുവെന്ന് സിഐടിയു നേതാവ് സുധീര്‍ ബാബു പറഞ്ഞു. മാന്യമായാണ് സംഘം പെരുമാറിയതെന്ന് ജീവനക്കാര്‍ പറഞ്ഞു.

ഖനനത്തിനെതിരെയും, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, എംഎല്‍എ ടി.പി.രാമകൃഷ്ണനും മുന്‍ മന്ത്രി എളമരം കരിം എന്നിവര്‍ക്ക് എതിരെയുമുള്ള വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.

കെ. സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ മുതുകാട്ടിൽ പ്ലാന്റേഷൻ കേന്ദ്രീകരിച്ച്‌ നിരന്തരമായ്‌ ആയുധദാരികളായ മാവോയ്സ്റ്റ്‌ സാന്നിദ്യം ഗൗരവമായ്‌ കാണണ്ടതുണ്ട്‌.
കഴിഞ്ഞ ദിവസം രാത്രി സമയങ്ങളിൽ വീടുകളിൽ എത്തി അളുകളെ ഭീക്ഷിണി പെടുത്തുന്ന സാഹചര്യം വരേയുണ്ടായ്‌, ഇന്ന് പകൽ വെളിച്ചത്തിൽ പ്ലാന്റേഷൻ ഓഫീസുകളിലെത്തി സർക്കാരിനെതിരെയും,ജനപ്രതിനിധികൾക്കെതിരെയും ഭീക്ഷിണിയ്യുടെ സ്വരത്തിൽ സംസാരിക്കുകയുണ്ടായ്‌.
നിരന്തരമായ്‌ ഇത്തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നത്‌ ജനകീയ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കമായ്‌ കാണേണ്ടതുണ്ട്‌. സാധാരണ തൊഴിലാളികൾ ഉൾപെടയുള്ള ജനങ്ങളുടെ സമാധാന ജീവിതം തകർക്കുന്ന സ്ഥിതിയിലേക്കാണു നീങ്ങികൊണ്ടിരിക്കുന്നത്‌. ജനങ്ങളുടെ ജീവനു ഭീഷിണിയാകുന്ന ഈ സാഹചര്യത്തിൽ സുരക്ഷാ സവിധാനം ശക്തി പെടുത്തുകയും,സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്യും.