ചക്കിട്ടപ്പാറയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വാച്ചര്‍മാരെയും ഗണ്‍മാന്‍മാരെയും ഉടന്‍ നിയമിക്കും, റെയില്‍ ഫെന്‍സിംഗ് പദ്ധതി വേഗത്തിലാക്കും


സൂര്യഗായത്രി കാര്‍ത്തിക

പേരാമ്പ്ര: കാട്ടു മൃഗങ്ങളുടെ ശല്യത്തില്‍ നട്ടം തിരിയുന്ന ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. പ്രശ്‌ന ബാധിത മേഖലയില്‍ വാച്ചര്‍മാരെയും ഗണ്‍മാന്‍മാരെയും ഉടന്‍ നിയമിക്കുമെക്കുമെന്നും റെയില്‍ ഫെന്‍സിംഗ് പദ്ധതി വേഗത്തിലാക്കുമെന്നും
പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ചക്കിട്ടപ്പാറയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ടി പി രാമകൃഷ്ണന്‍ എംഎല്‍എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ പ്രവര്‍ത്തികമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
കാട്ടുപന്നികളെ നിയന്ത്രിക്കാനായി ലൈസന്‍സുള്ള ഗണ്‍മാന്‍മാരെ നിയമിക്കും. നിലവില്‍ ഒരു ഗണ്‍മാനാണ് ഇവിടെയുള്ളത്. പുതുതായി പത്തു പേരെ നിയമിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. നാളെ നടക്കുന്ന ഭരണ സമിതി യോഗത്തിന് ശേഷം ഇതിന്റെ പ്രാരംഭ നടപടികള്‍ സ്വീകരിച്ച് പത്ത് ദിവസത്തിനുള്ളില്‍ നിയമനം പൂര്‍ത്തീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

അതോടൊപ്പം പന്നിക്കോട്ടൂര്‍, പൂഴിത്തോട്, സീതപ്പാറ, നാലാം ബ്ലോക്ക് എന്നീ നാലു വനസംരക്ഷണസമിതികളുടെ പരിധിയില്‍ 15 വാച്ചര്‍മാരെയും നിയമിക്കും. നിയമനം പൂര്‍ത്തിയാകുന്നതോടെ വാച്ചര്‍മാരുടെ എണ്ണം 22 ആയി ഉയരും.

കാട്ടു മൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ അതിക്രമിച്ച് കയറി കൃഷി നശിപ്പിക്കുന്നത് തടയാനായി റെയില്‍ ഫെന്‍സിംഗ് സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ രൂപരേഖ തയ്യാറാക്കി ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെമ്പനോടയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്നതിനാല്‍ വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക്. ഇന്നലെ കൊറത്തിപ്പാറ ഒഴുകയില്‍മുക്കിലെ പെരുവേലില്‍ ദേവസ്യയുടെ വാഴക്കൃഷി കാട്ടാന നശിപ്പിച്ചിരുന്നു. അതിന് മുമ്പത്തെ ദിവസം ആലമ്പാറ പാലറ ലില്ലിയുടെ വാഴത്തോട്ടം കാട്ടാന കൂട്ടം പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു. കാട്ടാന ഭീതി തുടരുന്നതിനാല്‍ ജനങ്ങള്‍ രാത്രി ഭീതിയിലാണ് കഴിയുന്നത്.