ചക്കിട്ടപാറ പൂഴിത്തോട് എക്കല്‍മല മരപ്പാലം പുനര്‍നിര്‍മ്മിച്ചില്ല; ജനങ്ങള്‍ ദുരിതത്തില്‍
ചക്കിട്ടപാറ: പഞ്ചായത്തില്‍ നാലാം വാര്‍ഡിലെ കടന്തറ, ഇല്ല്യാനി പുഴകളില്‍ വര്‍ഷംതോറും പഞ്ചായത്ത് നിര്‍മിക്കുന്ന എക്കല്‍ മല മരപ്പാലം ഇത്തവണ നിര്‍മ്മിക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തില്‍. ചക്കിട്ടപാറ, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാര്‍ഗമാണ് ഇത്. നാട്ടുകാര്‍ നിര്‍മിച്ച സുരക്ഷിതമല്ലാത്ത മരപ്പാലത്തിലൂടെയാണ് ജനങ്ങള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. എന്നാല്‍ കടന്തറ പുഴയില്‍ വെള്ളം വര്‍ധിച്ചാല്‍ ഈ പാലത്തിലൂടെയുള്ള യാത്ര അപകടകരമാകും.
നൂറോളം കുടുംബങ്ങള്‍ യാത്രയ്ക്കായി ആശ്രയിക്കുന്ന പ്രധാന പാലമാണിത്. പൂഴിത്തോട് അങ്ങാടിയുമായി ഇവര്‍ ബന്ധപ്പെടുന്നത് 40 മീറ്ററോളം നീളമുള്ള ഈ പാലത്തിലൂടെയാണ്. വര്‍ഷംതോറും കാലവര്‍ഷത്തിനു മുന്‍പ് പഞ്ചായത്ത് പാലം പുനര്‍നിര്‍മിക്കുന്നതായിരുന്നു. എന്നാല്‍ ഇത്തവണ സാങ്കേതിക പ്രശ്‌നത്തിലാണ് പാലം പണി മുടങ്ങിയത്.
കടന്തറ പുഴയില്‍ മൂന്നും ഇല്ല്യാനി പുഴയില്‍ രണ്ടും താല്‍ക്കാലിക മരപ്പാലം നിര്‍മിക്കാനുണ്ട്. കനത്ത മഴയ്ക്കു മുന്‍പ് പാലം നിര്‍മിച്ചില്ലെങ്കില്‍ ഒട്ടേറെ കുടുംബങ്ങള്‍ യാത്രാ പ്രശ്‌നം നേരിടും.മരപ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് പഞ്ചായത്ത് ഫണ്ട് അനുവദിച്ച് ടെന്‍ഡര്‍ നടപടികളിലാണെന്നും ഉടന്‍ പാലം നിര്‍മിക്കുമെന്നും പഞ്ചായത്ത് അംഗം സി.കെ.ശശി അറിയിച്ചു.