ചക്കിട്ടപാറയില്‍ ഭക്ഷ്യപാനീയവിതരണ ശാലകളില്‍ പരിശോധന; കടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലും ലൈസന്‍സില്ലാതെയും (ചിത്രങ്ങള്‍)


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കീഴില്‍ വരുന്ന ഭക്ഷ്യപാനീയവിതരണ ശാലകളില്‍ പരിശോധന നടത്തി. കൂവപ്പൊയില്‍, ചെമ്പനോട, പൂഴിത്തോട്, മുതുകാട്, ചക്കിട്ടപാറ ടൗണ്‍, ചെമ്പ്ര, മുക്കള്ളില്‍, മുക്കവല തുടങ്ങിയ ഭാഗങ്ങളിലെ ഹോട്ടലുകള്‍, ബേക്കറി ആന്‍ഡ് ടീ ഷോപ്പ്, ചിക്കന്‍ സ്റ്റാള്‍, പച്ചക്കറി ആന്‍ഡ് ഫ്രൂട്‌സ് സ്റ്റാള്‍, മത്സ്യ മാര്‍ക്കകള്‍, കള്ള് ഷാപ്പ്, കാറ്ററിംഗ് യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ രണ്ട് ടീമായാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പഞ്ചായത്തിന്റെ നിയമാനുസൃതമുള്ള ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകളും, വൃത്തിഹീനവും പഴകിയ ഭക്ഷണം സൂക്ഷിക്കുന്നതുമായ 15 ഓളം സ്ഥാപനങ്ങളും, പുകയില നിരോധിത ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതെ പ്രവര്‍ത്തിക്കുന്ന എട്ടോളം സ്ഥാപനങ്ങളും കണ്ടെത്തി.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി പി ഉണ്ണികൃഷ്ണന്‍, ഷാജി, ജോബി, നവ്യ, അരവിന്ദന്‍, ഷിംന, പഞ്ചായത്ത് ക്ലര്‍ക് മനു, സുനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.