ചക്കിട്ടപാറയില്‍ കാട്ടു പന്നിയുടെ ആക്രമണം തുടര്‍കഥയാവുന്നു; പന്നികൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് മുതുകാട് സ്വദേശി


പേരാമ്പ്ര: കാട്ടു പന്നിയുടെ ആക്രമണത്തില്‍ കൃഷിക്കൊപ്പം ജീവനും അപകടത്തിലാകുമെന്ന ഭയത്തിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസമാണ് താമരശ്ശേരി കട്ടിപ്പാറ ചെമ്പ്രകുണ്ടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കൂരാച്ചുണ്ട് എരപ്പാത്തോട് സ്വദേശി റഷീദ് മരിച്ചത്. ഇതിന് പിന്നാലെ മുതുകാട്ടിലും കാട്ടു പന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു.

മുതുകാടിന് സമീപം കാട്ടു പന്നിക്കൂട്ടം സ്‌കൂട്ടറിലിടിച്ച് വാഹനം മറിഞ്ഞാണ് മുതുകാട് മാവിലാംപൊയില്‍ വിഷ്ണുപ്രസാദിന്(24) പരിക്കേറ്റത്. മുതുകാടുനിന്ന് ചെങ്കോട്ടക്കൊല്ലി റോഡില്‍ വീട്ടിലേക്ക് യാത്ര ചെയ്യവേ ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. റോഡരികില്‍നിന്ന് മൂന്നുപന്നികള്‍ റോഡിലേക്ക് ഓടിയെത്തി സ്‌കൂട്ടറിലിടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കൈയിലും ശരീരത്തിലും പരിക്കുറ്റേ വിഷ്ണു പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സതേടി. സ്‌കൂട്ടറിനും വലിയരീതിയില്‍ കേടുപാട് സംഭവിച്ചു.

കാട്ടു പന്നി കൂട്ടം ഓട്ടോയിലിടിച്ചതിനെ തുടര്‍ന്നാണ് റഷീദ് സഞ്ചരിച്ചിരുന്ന ഓട്ടോ മൂന്ന് മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞത്. രണ്ട് മാസത്തോളം ചികിത്സ നടത്തിയെങ്കിലും റഷീദിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി, മുതുകാട്, ചെമ്പനോട, പൂഴിത്തോട് മേഖലയിലെല്ലാം കാട്ടുപന്നിശല്യം രൂക്ഷമാണ്.

അടുത്തകാലത്ത് ചക്കിട്ടപാറ പഞ്ചാത്തിലെ വിവിധഭാഗങ്ങളിലായുണ്ടായ കാട്ടു പന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ചക്കിട്ടപാറ പത്താംവാര്‍ഡില്‍ മാളിയേക്കല്‍ ബിജോയ് ജോസിനെ(30) ഓഗസ്റ്റ് മാസത്തിലാണ് പന്നി ആക്രമിച്ചത്. ബുള്ളറ്റില്‍ സഞ്ചരിക്കവേ മാത്തൂര്‍ റോഡ് മുക്കില്‍വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഇടതു തോളെല്ല് ഇറങ്ങിപ്പോവുകയും കൈകാലുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചക്കിട്ടപാറ ടൗണില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മാത്തൂര്‍വയലിലെ വീട്ടിലേക്ക് പോകുംവഴിയാണ് പന്നി വാഹനത്തിലിടിച്ചത്.

ജോലിക്കായി പോകുന്നവരും കടയില്‍ സാധനം വാങ്ങാന്‍ വന്നവരൊക്കെയാണ് പന്നിയുടെ ആക്രമണത്തിന് അടുത്തിടെ ഇരയായത്. പകല്‍സമയത്തുപോലും പന്നിയുടെ ആക്രമണമുണ്ടായതിനാല്‍ മലയോരത്തുകൂടി പേടിയോടെയാണ് ബൈക്ക് യാത്രക്കാരുടെ സഞ്ചാരം. വനമേഖലയില്‍നിന്ന് അകലെയുള്ള സ്ഥലത്തുകൂടി ഇപ്പോള്‍ പന്നിശല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.