‘ഗ്രീനിംഗ് കോഴിക്കോട് പദ്ധതിക്ക് തുടക്കമായി’; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (27/12/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഗ്രീനിംഗ് കോഴിക്കോട് പദ്ധതിക്ക് തുടക്കമായി

കോഴിക്കോട് ജില്ലയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോ‌ടെ നടപ്പിലാക്കുന്ന ഗ്രീനിംഗ് കോഴിക്കോട് പദ്ധതിയുടെ ഉദ്ഘാടനം റംബൂട്ടാൻ ഫലവൃക്ഷതൈ നട്ട് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന ച‌ടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾ അഭിവ്, അജിഷ്ണവ് ഹവ്വ എന്നിവർക്ക് 80% സബ്സിഡിയിൽ മാവ്, പ്ലാവ് എന്നീ ഒട്ടുതൈകൾ വിതരണം ചെയ്തു. സ്ക്കൂൾ വിദ്യാർത്ഥികൾ മുഖേന ചെറുകിട നാമമാത്ര കർഷകരുടെ കൃഷിഭൂമിയിൽ തൈകൾ വെച്ചു പിടിപ്പിക്കുന്നതിനുവേണ്ടിയാണ് ഗ്രീനിംഗ് കോഴിക്കോട് എന്ന പേരിൽ 3,69,000 രൂപ അടങ്കലുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. 80% സബ്സിഡിയിൽ 5000 ഫലവൃക്ഷതൈകൾ (മാവ്, പ്ലാവ്) മണ്ണ് സംരക്ഷണ വകുപ്പ് വഴി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വൃക്ഷതൈ പരിപാലന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ വിദ്യാലയങ്ങൾക്കുള്ള ഹരിത പുരസ്ക്കാരവും സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ തലശ്ശേരിയിലെ ഡിസ്പെന്‍സറിയില്‍ ഒരു മെഡിക്കല്‍ ഓഫീസറെ ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: എംബിബിഎസ്. ഏകീകൃത ശമ്പളം: മാസം 60,000 രൂപ. തിരുവനന്തപുരം പാളയത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രണ്ടാം നിലയിലുള്ള വെല്‍ഫെയര്‍ കമ്മീഷണറുടെ ഓഫീസില്‍ ജനുവരി മൂന്നിന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ളവര്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് വെല്‍ഫെയര്‍ ആന്‍ഡ് സെസ് കമ്മീഷണര്‍ അറിയിച്ചു.

ഹിന്ദി ഡിപ്ലോമ സീറ്റൊഴിവ്

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സാണ്. എസ്.എസ്.എല്‍.സിയും 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടുവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായം 17നും 35നുമിടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഇ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അവസാന തീയതി ഡിസംബര്‍ 31. വിലാസം- പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍ : 04734296496, 8547126028.

സാക്ഷ്യപത്രം ഹാജരാക്കണം

താലൂക്ക് സപ്ലൈ ഓഫീസില്‍ മുന്‍ഗണനാ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയോടൊപ്പം വീടിന്റെ വലിപ്പം ( സ്‌ക്വയര്‍ ഫീറ്റ്) കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയോ മുനിസിപ്പല്‍ സെക്രട്ടറിയോ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വീടിന്റെ പ്ലാന്‍, പെര്‍മിറ്റ്, വസ്തുവിവര സംക്ഷിപ്തം എന്നിവ സ്വീകാര്യമല്ല. ആയിരം സ്‌ക്വയര്‍ ഫീറ്റ് വരെ വലിപ്പമുള്ള വീടുള്ളവരുടെ അപേക്ഷയെ സ്വീകരിക്കുകയുള്ളൂ. ബുധനാഴ്ചകളിലാണ് അപേക്ഷ നല്‍കേണ്ടത്.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് രണ്ടാം ലോക മഹായുദ്ധ സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും നല്‍കുന്ന പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റുന്നവര്‍ തുടര്‍ന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഡിസംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഹാജരാക്കാത്ത സേനാനികളുടെയും വിധവകളുടെയും തുടര്‍ന്നുളള സാമ്പത്തിക സഹായം താല്‍ക്കാലികമായി നിര്‍ത്തലാക്കും. ഫോണ്‍ : 0495 2771881.

ഐ.ടി.ഐ പ്രവേശനം

കോഴിക്കോട് ജനറല്‍ ഐ.ടി.ഐയില്‍ ഒഴിവുളള സീറ്റുകളില്‍ പ്രവേശനം നേടുന്നതിന് 190 നും അതിനു മുകളിലും ഇന്‍ഡക്സ് മാര്‍ക്കുളളവരും ഈ സ്ഥാപനത്തില്‍ അപേക്ഷ നല്‍കിയവരുമായ കുട്ടികള്‍ ഡിസംബര്‍ 29ന് രാവിലെ 10 മണിക്ക് സര്‍ട്ടിഫിക്കറ്റ്, ടിസി, ഫീസ്, ആധാര്‍കാര്‍ഡ് എന്നിവ സഹിതം രക്ഷിതാവിനൊപ്പം ഐ.ടി.ഐയില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതി- ഓംബുഡ്സ്മാന്‍ സിറ്റിങ് ജനുവരി ആറിന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാ തികള്‍ സ്വീകരിക്കുന്നതിന് 2022 ജനുവരി ആറിന് കോഴിക്കോട് ജില്ല എം.ജി.എന്‍.ആര്‍.ഇ.ജി.എ ഓംബുഡ്സ്മാന്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സിറ്റിങ്ങ് നടത്തും. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് ഓംബുഡ്സ്മാന് നല്‍കാം.

യൂത്ത് ഹോസ്റ്റല്‍ മാനേജരുടെ ഒഴിവ് – വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം

കോഴിക്കോട് യൂത്ത് ഹോസ്റ്റല്‍ മാനേജരുടെ ഒഴിവിലേക്ക് ബിരുദധാരികളും മേജര്‍, ലെഫ്റ്റനന്റ് കേണല്‍, കേണല്‍ റാങ്കിലോ തത്തുല്ല്യ റാങ്കിലോ ഉള്ളവരുമായ വിമുക്ത ഭടന്മാരില്‍ നിന്നും ഡിസംബര്‍ 29 നകം അപേക്ഷ ക്ഷണിച്ചു. പ്രായപരിധി- 2021 ഏപ്രില്‍ ഒന്നിന് 62 വയസ്സ് തികയരുത്. നിയമനം മൂന്നു വര്‍ഷത്തേക്ക് തല്‍ക്കാലികകമായിരിക്കും. 12,000 രൂപ മാസവേതനത്തിനു പുറമെ സൗജന്യ താമസ സൗകര്യം അനുവദിക്കുമെന്ന് ജില്ലാസൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2771881.

ഇലക്ട്രോണിക്സ് ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

മാനന്തവാടി ഗവ.കോളേജില്‍ നിലവിലുള്ള ഇലക്ട്രോണിക്സ് ഗസ്റ്റ് ലക്ചറര്‍ ഒഴിവില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 2022 ജനുവരി മൂന്നിന് 11 മണിക്ക് കോളേജ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447959305, 9539596905.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


കൊടിയത്തൂരില്‍ കേരഗ്രാമം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നാളികേര വികസനത്തിനായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരഗ്രാമം പദ്ധതിയിലൂടെ കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തെങ്ങിന് ജനങ്ങളുടെ നിത്യജീവിതവുമായി വലിയ പ്രാധാന്യമുണ്ട്. ഭക്ഷണത്തിന്റെ അവിഭാജ്യഘടകമായ നാളികേരവും വെളിച്ചെണ്ണയുമില്ലാതെ മലയാളികളുടെ ഭക്ഷണം പൂര്‍ണമാകില്ല. കാര്‍ഷിക മേഖലയായ തിരുവമ്പാടിയില്‍ കാര്‍ഷിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട് എന്ത് ചെയ്യാന്‍ കഴിയുമെന്ന് സര്‍വകലാശാല അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

തുടര്‍ച്ചയായ മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന കേരഗ്രാമം പദ്ധതിയില്‍ 76 ലക്ഷംരൂപയുടെ ആനുകൂല്യങ്ങളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കുക. തെങ്ങ് തടം തുറക്കല്‍, ജൈവവളം, തെങ്ങിന്‍തൈ വിതരണം, ഇടവിള കൃഷി, ജലസേചന സംവിധാനം, തെങ്ങുകയറ്റ യന്ത്രം, ജൈവവള യൂണിറ്റ് എന്നീ ഇനങ്ങള്‍ക്കാണ് ആദ്യവര്‍ഷം ആനുകൂല്യം നല്‍കുന്നത്.

പന്നിക്കോട് എയുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ പദ്ധതി വിശദീകരിച്ചു. മുതിര്‍ന്ന കര്‍ഷകനായ ആലിഹസന്‍ പൂളക്കത്തൊടി, പച്ചക്കറി കൃഷിയില്‍ ജില്ലാതല അവാര്‍ഡ് ജേതാക്കളായ അബ്ദുല്‍സലാം നീരൊലിപ്പില്‍, മുഹമ്മദ് അബ്ദുല്‍ നജീബ് എന്നിവരെയും മികച്ച പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി ചെയ്തതിന് ജില്ലാതല പുരസ്‌കാരം നേടിയ പിടിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിനെയും ചടങ്ങില്‍ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി പി ജമീല, കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കല്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ നദീറ, ദിവ്യ ഷിബു, എം ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുഹറ വെള്ളങ്ങോട്ട്, അഡ്വ. സുഫിയാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു പൊലുകുന്നത്ത്, കോമളം തോണിച്ചാല്‍, കൃഷി ഡയറക്ടര്‍ കെ മിനി, കുന്ദമംഗലം കൃഷി അസി. ഡയറക്ടര്‍ രൂപ നാരായണന്‍, പഞ്ചായത്ത് സെക്രട്ടറി, കേരഫെഡ് വൈസ് ചെയര്‍മാന്‍ ഇ രമേശ്ബാബു, സഹകരണ ബാങ്ക് പ്രസിഡന്റ് വി വസീഫ്, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് സി ടി അഹമ്മദ് കുട്ടി, പന്നിക്കോട് സ്‌കൂള്‍ മാനേജര്‍ കേശവന്‍ നമ്പൂതിരി, കേര സമിതി കണ്‍വീനര്‍ കെ പി അബ്ദുറഹിമാന്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് സ്വാഗതവും കൊടിയത്തൂര്‍ കൃഷി ഓഫീസര്‍ കെ ടി ഫെബിത നന്ദിയും പറഞ്ഞു.

കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയും- മന്ത്രി പി.പ്രസാദ്

കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. കേരകര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കന്നൂര്‍ ഗവ.യൂ.പി. സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നാളികേര ഉല്‍പാദനത്തില്‍ നാം ഇനിയും മുന്നേറേണ്ടതുണ്ട്. കര്‍ഷകര്‍ക്കു ഗുണപ്രദമാകുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സംഭരണം, സംസ്‌കരണം, വിപണനം എന്നീ കാര്യങ്ങളില്‍ ഊന്നികൊണ്ടു പ്രവര്‍ത്തനം വിപുലമാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

നാളികേരത്തില്‍ നിന്ന് വിവിധ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും ബ്രാന്റിങ്ങും ചെയ്യണം. കൃഷി ഭവനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, എഫ്.പി.ഒകള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളെയും ഇതിനായി പ്രയോജനപ്പെടുത്തണം. കര്‍ഷകന് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, വരുമാന വര്‍ധനവ് ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അഡ്വ.കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു.

നാളികേര ഉല്‍പാദനക്കുറവ്, രോഗ-കീട അക്രമണം, വിലയിടിവ് എന്നീ കാരണങ്ങളാല്‍ പ്രതിസന്ധിയിലായ നാളികേര കര്‍ഷകര്‍ക്ക് സംയോജിത വളപ്രയോഗത്തിലൂടെയും രോഗ-കീട നിയന്ത്രണ മാര്‍ഗ്ഗങ്ങളിലൂടെയും നാളീകേര ഉല്‍പാദനം വര്‍ധിപ്പിച്ച് വരുമാനവും ജീവിത നിലവാരവും ഉയര്‍ത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

ചടങ്ങില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ പദ്ധതി വിശദീകരണം നടത്തി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അനിത മണ്ണ് പരിശോധന ഫല വിതരണം നടത്തി. ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എം ബാലരാമന്‍ മാസ്റ്റര്‍, ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്ബാബു, ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ചന്ദ്രിക പൂമഠത്തില്‍, കെ.ടി.സുകുമാരന്‍, സീന ടീച്ചര്‍, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ഷാജി, ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ഗീത പുളിയാറക്കല്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത സ്വാഗതവും കൃഷി ഓഫീസര്‍ കെ.കെ.അബ്ദുള്‍ ബഷീര്‍ നന്ദിയും പറഞ്ഞു.

കാര്‍ഷികവികസനത്തിന് പദ്ധതികളുടെ തുടര്‍ച്ച അനിവാര്യം- മന്ത്രി പി.പ്രസാദ്

കാര്‍ഷികവികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കാര്‍ഷിക പദ്ധതികളുടെ തുടര്‍ച്ച അനിവാര്യമാണെന്ന് കൃഷി വകുപ്പു മന്ത്രി പി.പ്രസാദ്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ‘കൃഷി ജീവനം’ കാര്‍ഷിക ശില്‍പശാല ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറി ഉല്‍പ്പാദനത്തില്‍ എല്ലാ ഗ്രാമങ്ങളും സ്വയംപര്യാപ്തമാകുന്ന തരത്തിലുള്ള ആസൂത്രണം ആവശ്യമാണ്. ജനകീയ പങ്കാളിത്തത്തോടെ കൃഷിയിടങ്ങള്‍ സജ്ജമാക്കി കൃഷി ഉത്സവമാക്കി മാറ്റണം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും സംസ്‌കരിക്കാനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാനും അവ വിപണനം ചെയ്യാനും സാധിക്കണം. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ കൃഷിയില്‍ സുസ്ഥിരത കൈവരിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചുറ്റുമുള്ള കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. ഓരോ പഞ്ചായത്തിലെയും കൃഷിക്കാരുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അധികൃതരും കൂടിയാലോചിച്ച് ഓരോ പ്രദേശത്തിനും അനുയോജ്യമായ കാര്‍ഷികവിളകളും കൃഷിരീതികളും കണ്ടെത്തണം. മണ്ണിന്റെ ഘടന, തരം തുടങ്ങിയവ സംബന്ധിച്ച് ഓരോ മേഖലക്കും അനുയോജ്യമായതും ഉല്‍പ്പാദനക്ഷമതയുള്ളതുമായ ഇനങ്ങള്‍ കണ്ടെത്തി കൃഷി ചെയ്യണം. പ്രാദേശികമായി രൂപം കൊള്ളുന്ന സമിതികളിലൂടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയണം. ലാഭത്തിന്റെ ഒരു ചെറിയ വിഹിതമെങ്കിലും കര്‍ഷകരിലേക്ക് വീണ്ടും എത്തിക്കുന്ന സ്ഥിതി വന്നാല്‍ വിപണനത്തിലും കര്‍ഷകരുടെ സഹകരണം ഉറപ്പാക്കാമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആരോഗ്യവുമായി ബന്ധപ്പെടുത്തി വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. രാസവളങ്ങളില്‍നിന്നും കീടനാശിനികളില്‍നിന്നും മാറി ആരോഗ്യം മുന്നില്‍ക്കണ്ട് ഗുണകരമായ കൃഷിരീതി അവലംബിക്കണം. നമ്മുടെ കുഞ്ഞുങ്ങളെങ്കിലും രോഗങ്ങള്‍ക്ക് അടിമകളാവാതിരിക്കാന്‍ നാം ജൈവകൃഷിരീതിയിലേക്ക് മാറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൃഷിയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ആവിഷ്‌കരിക്കുന്നതു സംബന്ധിച്ച ആലോചന പുരോഗമിക്കുകയാണ്. പ്രാദേശിക കര്‍ഷകരുടെ അഭിപ്രായങ്ങളും പ്രശ്‌നങ്ങളും ക്രോഡീകരിച്ച് അഗ്രോ എക്കോളജിക്കല്‍ സോണുകള്‍ രൂപീകരിക്കണമെന്നും ഇതിന്റെ പ്രാദേശിക ആസൂത്രമണത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ കൂട്ടായ ചര്‍ച്ചക്കും അഭിപ്രായ രൂപീകരണത്തിനും വേദിയൊരുക്കിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധികൃതരെ മന്ത്രി അഭിനന്ദിച്ചു.

പതിനാലാം പഞ്ചവത്സരപദ്ധതിയില്‍ കാര്‍ഷികമേഖലയിലെ മുന്‍ഗണനകള്‍ തീരുമാനക്കുന്നതിനും ജില്ലയിലെ കാര്‍ഷികമേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുന്നതിനും ജില്ലാ പഞ്ചായത്ത് നടത്തുന്ന ചര്‍ച്ചാ പരമ്പരയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വിച്ചു. വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.പി.ജമീല, കെ.വി.റീന, എന്‍.എം.വിമല, പി.സുരേന്ദ്രന്‍, കൃഷി വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ രാജീവ് പെരുമണ്‍പുറ തുടങ്ങിയവര്‍ സംസാരിച്ചു.

‘കോഴിക്കോട് ജില്ലയിലെ തരിശുനില വികസനം’ എന്ന വിഷയത്തില്‍ സംസ്ഥാന യന്ത്രവല്‍കരണ മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.യു.ജയകുമാര്‍, ‘ജില്ലയിലെ ജലസേചന- ജലനിര്‍ഗ്ഗമന പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ സിഡബ്ല്യുആര്‍ഡിഎം സീനിയര്‍ അസിസ്റ്റന്റ് ഡോ.യു.സുരേന്ദ്രന്‍, ‘കാര്‍ഷികവികസന പദ്ധതികള്‍- ജില്ലയിലെ പുരോഗതി’ എന്ന വിഷയത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ, ‘പതിനാലാം പഞ്ചവത്സര പദ്ധതി- ജില്ലയിലെ മുന്‍ഗണനകള്‍’ എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍ എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു.

ഹോര്‍ട്ടികോര്‍പ്പ് സ്റ്റാള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൃഷിവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൃഷി വകുപ്പു മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. വിപണിയില്‍ ഇടപെട്ട് പച്ചക്കറി വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാള്‍ തുറന്നത്. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.എന്‍.പ്രവീണ്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ആവേശം വാനോളം ഉയർത്തി നാഷണൽ കൈറ്റ് ഫെസ്റ്റിവൽ

ആകാശത്തേയ്ക്ക് പൊങ്ങി ഉയരുന്ന പട്ടങ്ങൾ വർണവിസ്മയം തീർക്കുന്ന കാഴ്ചയ്ക്കാണ് ബേപ്പൂർ മറീന നാഷണൽ കൈറ്റ് ഫെസ്റ്റിവലിലൂടെ സാക്ഷ്യം വഹിച്ചത്.
നാഷണൽ കൈറ്റ് ഫെസ്റ്റിവൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കരയിലും കടലിലും ആകാശത്തും വിസ്മയം സൃഷ്ടിക്കുന്ന ഫെസ്റ്റിന് എല്ലാ ആശംസകളും മന്ത്രി നേർന്നു. വാട്ടർ ഫെസ്റ്റ് ഒരു കൂട്ടായ്മയുടെ വിജയമാണ്. ഇതിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാവരെയും മന്ത്രി പ്രശംസിച്ചു.

പല രൂപത്തിലും ഭാവത്തിലും വർണത്തിലുമുള്ള പട്ടങ്ങൾ കാറ്റിന്റെ താളത്തിൽ ഉയർന്നും താഴ്ന്നും നയന മനോഹര കാഴ്ച്ചയൊരുക്കി.

ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. കേരളത്തിലെ പ്രധാനപ്പെട്ട തീരദേശ കേന്ദ്രങ്ങളിൽ പട്ടം പറത്തൽ മത്സരം ഉൾപ്പെടെ നടത്താൻ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. കോവിഡിൽ ഏറ്റവുമധികം പ്രയാസം അനുഭവിച്ച മേഖല ടൂറിസമാണ്. എന്നാൽ ഈ പ്രതിസന്ധിയിൽ ഭാവിയിൽ ഏറ്റവും സാധ്യതയുള്ളതും ടൂറിസം മേഖലയ്ക്ക് തന്നെയാണ്. ആ സാധ്യതയെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള എല്ലാ നീക്കങ്ങൾക്കും ഒപ്പം ടൂറിസം വകുപ്പ് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു

സ്റ്റണ്ട് കൈറ്റ്, പവർ, ട്രെയിൻ, ഷോ കൈറ്റ് തുടങ്ങിയ ഇനത്തിൽപ്പെട്ട സ്‌പൈഡർമാൻ, നീരാളി, ഡ്രാഗൺ തുടങ്ങി പല രൂപത്തിലുള്ള പട്ടങ്ങൾ ഫെസ്റ്റിവലിൽ അണിനിരന്നു. 12 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉണ്ടായിരുന്നു.

ബേപ്പൂർ മറീനയിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, സബ് കലക്ടർ ചെൽസാസിനി, ടൂറിസം വകുപ്പ് ഡയറക്ടർ വി.ആർ.കൃഷ്ണ തേജ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഗവാസ്, കോർപ്പറേഷൻ കൗൺസിലർ മുഹമ്മദ് നവാസ് തുടങ്ങിയവർ സംസാരിച്ചു.

ഐ ആൻഡ്‌ പി.ആർ.ഡി ഫോട്ടോ പ്രദർശനം: മന്ത്രി സന്ദർശിച്ചു

ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഫോട്ടോ പ്രദർശനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. ജില്ലയുടെ വികസനത്തിന്റെ നേർസാക്ഷ്യമാണ് ഓരോ ചിത്രങ്ങളെന്നും അത് മികച്ച രീതിയിൽ പ്രദർശിപ്പിക്കാൻ ജില്ലാ ഇൻഫർമേഷൻ ഓഫീസിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ചുമതലയേറ്റ ശേഷം ജില്ലയിൽ നടപ്പിലാക്കിയ പ്രധാന വികസന പ്രവർത്തനങ്ങളുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.

നൂറുദിന പദ്ധതികളുടെ ഭാഗമായി ഉദ്‌ഘാടനം നിർവഹിച്ച സ്കൂളുകളും ലാബുകളും, പട്ടയ മേളകളിലൂടെ ഭൂമിക്ക് അവകാശം ലഭിച്ചവർ, സ്മാർട്ട്‌ വില്ലജ് ഓഫീസുകൾ, ജനകീയ ഹോട്ടൽ, പുനർഗേഹം, ലൈഫ് ഭവന പദ്ധതികളിൽ വീട് ലഭിച്ചവരുടെ സന്തോഷം, നിപ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ടേക്ക് എ ബ്രേക്ക് പദ്ധതി, വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ മനോഹരമായ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്.

ബേപ്പൂരിന്റെ തീരത്ത് പടക്കപ്പൽ; കാണികളിൽ ആവേശം

ബേപ്പൂരിന്റെ തീരത്ത് പ്രതിരോധത്തിന്റെ ഗാംഭീര്യവുമായി ഐ എൻ എസ് കാബ്രയും കോസ്റ്റ് ഗാർഡിന്റെ ആര്യമാനും. ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായാണ് ഇരു കപ്പലുകളും ബേപ്പൂരിലെത്തിയത്.
കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്താനും കപ്പലി‍ൻെറ ഉൾക്കാഴ്ചകൾ കാണാനും അവസരം ഒരുക്കുന്നതിന് പുറമേ നാവികസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ അടുത്തറിയാനുമാണ് ബേപ്പൂരിൽ കപ്പൽ പ്രദർശനം നടക്കുന്നത്. കേട്ടു പരിചയം മാത്രമുള്ള പടക്കപ്പലിന്റെ ഉള്ളിൽ കയറാനായതോടെ കാഴ്ചക്കാരും ആവേശഭരിതരായി. ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇരു കപ്പലുകളും സന്ദർശിച്ചു.

കടൽക്കൊള്ളക്കാർക്കെതിരേ പോരാടുന്നതിലും കടൽ പട്രോളിങ്, തിരച്ചിൽ രക്ഷാ ദൗത്യങ്ങളിലും ശ്രദ്ധേയമായ നാവികസേന പടക്കപ്പലാണ് കാബ്ര. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയ തോക്കുകളും മറ്റു സംവിധാനങ്ങളുമാണ് കാബ്രയിലുള്ളത്. കാബ്രയുടെ ക്യാപ്റ്റൻ കമാൻഡർ എസ്. കെ.സിങ്.

കൊച്ചിയിൽനിന്നാണ് ‘ആര്യമാൻ’ കപ്പൽ ബേപ്പൂർ തുറമുഖത്ത് എത്തിയത്. കപ്പലിന്റെ ക്യാപ്റ്റൻ ലെഫ്. കമാൻഡർ സുധീർ കുമാറാണ്.

ആദ്യ ദിവസത്തെ പ്രദർശനത്തിന് ശേഷം കാബ്ര തിരിച്ചു പോകും. വരും ദിവസങ്ങളിൽ ആര്യമാൻ കപ്പലിൽ പ്രവേശനം ഉണ്ടായിരിക്കും. രാവിലെ 9.30 മുതൽ വൈകീട്ട് നാല് വരെയായിരിക്കും പ്രവേശനം.

നാഷണൽ കൈറ്റ് ഫെസ്റ്റിവൽ വർണ്ണാഭമാക്കി വൺ ഇന്ത്യ കൈറ്റ് ടീം

ആകാശത്ത് വർണ്ണങ്ങൾ വാരിവിതറി വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിലുള്ള സംഘങ്ങൾ. ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ നാഷണൽ കൈറ്റ് ഫെസ്റ്റിവലിലാണ് വൺ ഇന്ത്യ ടീമിന്റെ നേതൃത്വത്തിൽ 12 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ എത്തിയത്. വിവിധ വര്‍ണങ്ങളിലുള്ള കൂറ്റന്‍പട്ടങ്ങളാണ് ബേപ്പൂരിനെ വിസ്മയിപ്പിച്ചുകൊണ്ട് വാനിലുയര്‍ന്നത്. വൺ ഇന്ത്യ ടീമിന്റെ നേതൃത്വത്തിൽ കൈറ്റ് ബോർഡ് ഡെമോ നാളെ നടക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.