ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾക്ക് ഇനി ജനങ്ങൾ ഓഫീസിൽ കയറിയിറങ്ങേണ്ട, വെബ് പോർട്ടൽ യാഥാർഥ്യമായി, ഒറ്റക്ലിക്കിൽ കാര്യങ്ങൾ എന്തെളുപ്പം


കോഴിക്കോട്: ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും ഇനി മുതൽ കൂടുതൽ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസൺ പോർട്ടൽ (https://citizen.lsgkerala.gov.in/) യാഥാർത്ഥ്യമായിരിക്കുന്നു. ഇതോടെ ജനങ്ങളുടെ വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാകും.

പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്മെൻ്റ് സമ്പ്രദായത്തിൻ്റെ (ഐ.എൽ.ജി.എം.എസ്) ഭാഗമായി പോർട്ടൽ തയ്യാറാക്കിയത്.

എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് എൽഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസൺ പോർട്ടൽ. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് നിലവിലുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അതുകൂടി പൂർത്തിയാകുന്നതോടെ ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കാൻ സാധിക്കും.