ഗ്യാസ് സിലിണ്ടർ ലോറി ഓട്ടോയിലിടിച്ചു; ഓട്ടോ ഡ്രൈവർക്ക് പരിക്ക്
കോഴിക്കോട്: നടക്കാവിൽ ലോറി ഓട്ടോയിൽ ഇടിച്ചു. ഗ്യാസ് സിലിൻഡറുമായി വരികയായിരുന്ന ലോറിയാണ് ഓട്ടോയിൽ ഇടിച്ചത്. ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവർ ബാഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10.15-ഓടെയാണ് അപകടം നടന്നത്.
നടക്കാവ് അംബിക ഹോട്ടലിനുസമീപമാണ് അപകടം. വയനാടുഭാഗത്തുനിന്ന് വരികയായിരുന്ന ലോറി മറ്റൊരു വാഹനത്തിനെ മറികടക്കുമ്പോൾ ഓട്ടോയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓട്ടോ കോഴിക്കോട് നിന്ന് എരഞ്ഞിപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായി തകർന്നു.
അപകടത്തെത്തുടർന്ന് 20 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. നടക്കാവ് പോലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഗ്യാസ് ചോർച്ചയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ബീച്ച് ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. എന്നാൽ, ഗ്യാസ് സിലിൻഡറുകൾ സുരക്ഷിതമാണെന്ന് ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു.