ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മൂന്നുപേർക്ക് ജാമ്യം
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്ന് പേർക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ജ്വല്ലറിയുടെ പ്രധാന പാർട്ണർമാരായ കുളങ്ങരത്താഴ കെ.കെ. മുഹമ്മദ്, കെ.പി. ഹമീദ്, പാലേരി ചെറിയകുമ്പളം സി.കെ. ഹമീദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
ഹമീദ്, മുഹമ്മദ് എന്നിവരെ കഴിഞ്ഞ സെപ്റ്റംബർ എട്ടിന് ഖത്തറിൽനിന്ന് വരുന്ന വഴി ഡൽഹിയിലാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സി.കെ. ഹമീദ് സെപ്റ്റംബർ 20ന് മഞ്ചേരിയിലാണ് അറസ്റ്റിലായത്.
മാനേജിങ് പാർട്ണർ വി.പി. സബീർ ആഗസ്റ്റ് 29ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു. കുറ്റ്യാടി ബ്രാഞ്ച് മാനേജർ കരണ്ടോട് സബീൽ സെപ്റ്റംബർ 22ന് പിടിയിലായി. കൂടാതെ ജ്വല്ലറിയുടെ കല്ലാച്ചി, പയ്യോളി ശാഖകളുടെ മാനേജർമാരും അറസ്റ്റിലായിരുന്നു. എല്ലാവരും റിമാൻഡിൽ തുടരുകയാണ്.