ഗോള്‍ഡ് പാലസ് നിക്ഷേപ തട്ടിപ്പ്: വിദേശത്തേക്ക് കടന്ന രണ്ട് പേര്‍ പിടിയില്‍


കുറ്റ്യാടി: ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ വിദേശത്തേക്ക് കടന്ന രണ്ട് പേര്‍ പിടിയില്‍. പാര്‍ട്ണര്‍മാരായ കരണ്ടോട് കച്ചേരി കെട്ടിയപറമ്പത്ത് ഹമീദ് (55), മീത്തലെ തയ്യുള്ളതില്‍ മുഹമ്മദ് (51) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ടി.പി.ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്തത്. ഖത്തറിലേക്ക് കടന്ന ഇരുവര്‍ക്കുമെതിരെ ലുക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്.

ഇന്നലെ രാവിലെയാണ് ഇരുവരും വിമാനത്താവളത്തില്‍ എത്തിയത്. എസ്.ഐ ദിലീപ്, സി.പി.ഒമാരായ ശ്രീജിത്ത്, റിയാസ് എന്നിവര്‍ പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. ഇന്ന് കുറ്റ്യാടിയില്‍ എത്തിക്കുന്ന പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ 26ന് ആണ് കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജ്വല്ലറികള്‍ അടച്ചുപൂട്ടി ഉടമകള്‍ മുങ്ങിയത്.

ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്‍കി സ്വര്‍ണവും പണവും നിക്ഷേപമായി സ്വീകരിച്ചാണ് ഒമ്പത് വര്‍ഷം മുന്‍പ് ജ്വല്ലറി പ്രവര്‍ത്തനം തുടങ്ങിയത്. ലാഭവിഹിതം കിട്ടാതെ വന്നതോടെയാണ് നിക്ഷേപം പിന്‍വലിക്കാന്‍ ആളുകള്‍ ജ്വല്ലറിയില്‍ എത്തിയത്. ഇതോടെ ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങിയെന്നാണ് പരാതി. മാനേജിങ് പാര്‍ട്ണര്‍ വടക്കേപറമ്പത്ത് സബീര്‍ (42) കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.

കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനും 7 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട സബീറിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്ന് ജ്വല്ലറികളിലുമായി 60 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്നാണ് സൂചന. തട്ടിപ്പിനിരയായ 500 ലേറെ പേരാണ് പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ട്ണര്‍മാരില്‍ ഒരാളായ സബീല്‍ എന്നയാളെ കൂടി കേസില്‍ പിടികൂടാനുണ്ട്. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.